കത്തോലിക്ക കോൺഗ്രസ് ചെമ്പന്തൊട്ടി ഫൊറോനയുടെ ആഭിമുഖ്യത്തിൽ കർഷകരെ ആദരിച്ചപ്പോൾ.
പയ്യാവൂർ: കർഷകദിനാചരണത്തിന്റെ ഭാഗമായി ചാമക്കാൽ ഗവ. എൽപി സ്കൂളിൽ ഇലക്കറി മഹോത്സവമൊരുക്കി. പുനം കൃഷിയുടെ ഗൃഹാതുര സ്മരണകൾ സ്ഥലനാമങ്ങളിൽ ഇപ്പോഴും നിലനിൽക്കുന്ന ചാമക്കാൽ, മുത്താറിക്കളം എന്നിവിടങ്ങളിൽ നിന്നായി വൈവിധ്യമാർന്ന 25 ഇലകൾ ശേഖരിക്കുകയുണ്ടായി. ഇലകളുടെ പ്രദർശനത്തിനൊപ്പം അവയുപയോഗിച്ച് വ്യത്യസ്ത രീതികളി ലുള്ള ഇലക്കറി വിഭവങ്ങളാണ് തയാറാക്കിയത്. സ്കൂൾ മുഖ്യാധ്യാപകൻ ഇ.പി. ജയപ്രകാശ്, മദർ പിടിഎ പ്രസിഡന്റ് സൗമ്യ ദിനേശ്, അധ്യാപകരായ ജോസ്മി ജോസ്, പി. ശിൽപ, ടി. സ്വപ്ന, എം.ടി. മധുസൂദനൻ, രജനി റിൻസ്, സോണിയ തോമസ്, അമിത ബാബു, ശരണ്യ സുനീഷ് എന്നിവർ നേതൃത്വം നൽകി.
തേർത്തല്ലി: മേരിഗിരി ഹയർ സെക്കൻഡറി സ്കൂളിലെ ജൂണിയർ റെഡ് ക്രോസ് കേഡറ്റുകളുടെ നേതൃത്വത്തിൽ കർഷകദിനാചരണത്തിന്റെ ഭാഗമായി കാർഷിക മേഖലയിൽ ശ്രദ്ധേയനും വിദ്യാലയത്തിലെ പൂർവ വിദ്യാർഥിയുമായ എരുവാട്ടിയിലെ മേനോലിക്കൽ ഷിജു ജോർജിനെ മുഖ്യാധ്യാപകൻ എം.യു. ജോസ് കുട്ടി പൊന്നാടയണിയിച്ച് ആദരിച്ചു.
മേരിഗിരി ഹൈസ്കൂളിലെ ജൂനിയർ റെഡ് ക്രോസ് സി ലെവൽ കേഡറ്റായ അൽവിൻ ജോർജിന്റെ പിതാവാണ് ഷിജു. മാതാപിതാക്കളും ഭാര്യയും നാല് മക്കളും കൃഷിയിൽ പിന്തുണ നൽകുകയും ചെയ്യുന്നു. കാർഷിക വിളകളുടെ പരാഗണത്തിന് തേനീച്ചകൾ വഹിക്കുന്ന പങ്കിനെകുറിച്ചും രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ ഔഷധമൂല്യമുള്ള പൂന്തേൻ ഉപയോഗത്തിന് സാധിക്കുന്നതിനെ കുറിച്ചും തേൻ ശേഖരിക്കുന്ന വിവിധ മാർഗങ്ങളെക്കുറിച്ചും കാർഷികവൃത്തിയെകുറിച്ചും അദ്ദേഹം കേഡറ്റുകൾക്ക് ബോധവത്കരണ ക്ലാസ് നൽകി. ജെആർസി കൗൺസിലർമായ കെ. ജോർജ്, കൈറ്റ് മാസ്റ്റർ ഇ.കെ. ശ്രീഹരി, കലാധ്യാപിക ജയ മാത്യു, കേഡറ്റുകളായ ആൻ തെരേസ് അനീഷ്, എ.കെ. അലക്സിയ, ആദ്യാ പി. പ്രകാശ്, അൽവിൻ ജോർജ്, അൻസൺ ലിജോ, പി. ദേവനന്ദ്, പി.എസ്. ജോസഫ് എന്നിവർ സംബന്ധിച്ചു.
ചെമ്പന്തൊട്ടി: കത്തോലിക്ക കോൺഗ്രസ് ചെമ്പന്തൊട്ടി ഫൊറോനയുടെ ആഭിമുഖ്യത്തിൽ കർഷകരെ ആദരിച്ചു. ചേപ്പറമ്പ് സെന്റ് ജൂഡ് പള്ളിയിൽ നടന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ഫൊറോന ഡയറക്ടർ ഫാ. ജോബി തെരുവിൽ ഉദ്ഘാടനം ചെയ്തു. വനിതാ കർഷക അവാർഡ് നേടിയ ഷിനോ പാറയ്ക്കൽ, നടുവിൽ പഞ്ചായത്തിലെ മികച്ച കർഷകനുള്ള അവാർഡ് നേടിയ ജോളി ജേക്കബ് വെട്ടുവയലിൽ, ശ്രീകണ്ഠപുരം വൈഎംസിയുടെ കർഷക അവാർഡ് ലഭിച്ച കത്തോലിക്ക കോൺഗ്രസ് ചെമ്പന്തൊട്ടി ഫൊറോന പ്രസിഡന്റ് ജോസഫ് മാത്യു കൈതമറ്റം, യൂണിറ്റ് പ്രസിഡന്റായ വിമുക്തഭടൻ കെ.എസ്. സണ്ണി കരിയാടിയിൽ എന്നിവരെ ആദരിച്ചു.
അതിരൂപത സെക്രട്ടറി ജോർജ് ജോസഫ്, ഫൊറോന സെക്രട്ടറി ഷാജി കളപ്പുരയ്ക്കൽ, ട്രഷറർ അപ്പച്ചൻ ജീരകത്തിൽ, ഇടവക യൂണിറ്റ് പ്രസിഡന്റുമാരായ ഷാജി കുന്നുംപുറം, സോജി അടിവിച്ചിറ, സണ്ണി വഴക്കുഴ, സോണി ആന്റണി മറ്റത്തിൽ, അനൂപ് കാഞ്ഞിരത്തിങ്കൽ, കെ.സി. അഗസ്റ്റിൻ, തോമസ് ഉള്ളാട്ടിൽ എന്നിവർ പ്രസംഗിച്ചു.