nattu vishesham
കാഞ്ഞിരപ്പള്ളി: വിദേശസംഭാവന നിയന്ത്രിക്കുന്നതിനുള്ള കേന്ദ്രസർക്കാരിന്റെ എഫ്സിആർഎ നിയമ ഭേദഗതി ന്യൂനപക്ഷങ്ങൾക്കെതിരേയുള്ള നീക്കമാണെന്ന് കത്തോലിക്ക കോൺഗ്രസ് കാഞ്ഞിരപ്പള്ളി രൂപതാസമിതി ആരോപിച്ചു.
പ്രധാനമായും ക്രൈസ്തവ സ്ഥാപനങ്ങളെ ലക്ഷ്യമാക്കിയാണ് കേന്ദ്രസർക്കാർ ഈ നിയമഭേദഗതി കൊണ്ടുവന്നിരിക്കുന്നത്. ക്രൈസ്തവ മിഷണറിമാർ വിദേശത്ത് ജോലി ചെയ്ത് നാട്ടിലേക്ക് എത്തിക്കുന്ന പണമുപയോഗിച്ച് സർക്കാരിന്റെ സഹായമില്ലാതെയാണ് ഇന്ത്യയിൽ വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ നിരവധി സ്ഥാപനങ്ങൾ പടുത്തുയർത്തിയത്. സമൂഹത്തിലെ ഏറ്റവും പാവപ്പെട്ട ജനവിഭാഗങ്ങൾക്കാണ് ഈ സ്ഥാപനങ്ങളിനിന്ന് വിദ്യാഭ്യാസവും ചികിത്സയും ലഭ്യമായത്.
ഇപ്പോൾ മികച്ച രീതിയിൽ നടന്നുവരുന്ന ഇത്തരം സ്ഥാപനങ്ങളുടെ നിലനിൽപ്പ് ഇല്ലാതാക്കി ഈ മേഖലകളിൽ കോർപറേറ്റുകളെ പ്രതിഷ്ഠിക്കുന്നതിനു വേണ്ടിയുള്ള ഗൂഢനീക്കമാണ് കേന്ദ്രസർക്കാർ നടത്തുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങൾ ലോകമെങ്ങും ബഹുമാനിക്കപ്പെടുമ്പോൾ ഇന്ത്യയിൽ ഇത് തകർക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഇത് ന്യൂനപക്ഷ അവകാശങ്ങളിൻമേലുള്ള കടന്നുകയറ്റമാണ്. നിയമ ഭേദഗതി ബില്ലിൽനിന്ന് കേന്ദ്രസർക്കാർ പിന്മാറണമെന്ന് രൂപതാസമിതി ആവശ്യപ്പെട്ടു.
രൂപത ഡയറക്ടർ ഫാ. ജസ്റ്റിൻ മതിയത്ത് യോഗം ഉദ്ഘാടനം ചെയ്തു. രൂപത പ്രസിഡന്റ് ബേബി കണ്ടത്തിൽ അധ്യക്ഷത വഹിച്ചു. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ വൈസ് പ്രസിഡന്റ് ജോമി കൊച്ചുപറമ്പിൽ, രൂപത ഭാരവാഹികളായ ജോസഫ് പണ്ടാരക്കളം, ജോജോ തെക്കുംചേരിക്കുന്നേൽ, സണ്ണിക്കുട്ടി അഴകംപ്രായിൽ, ഫിലിപ്പ് പള്ളിവാതുക്കൽ, ഡെയ്സി ജോർജുകുട്ടി, സിനി ജിബു നീറനാക്കുന്നേൽ, ജിൻസ് പള്ളിക്കമ്യാലിൽ, ജോസ് മാത്യു കല്ലൂരാത്ത്, ബിജു ആലപ്പുരയ്ക്കൽ, ജാൻസി മാത്യു തുണ്ടത്തിൽ, ജോസ് മടുക്കക്കുഴി, അനിത ജസ്റ്റിൻ, മാത്യു മാമ്പഴക്കുന്നേൽ, ജെ. സെൽവരാജ് എന്നിവർ പ്രസംഗിച്ചു.