കോലഴി സിനിമ കൊട്ടകയുടെ നൂറാം പ്രദർശനാഘോഷം സാഹിത്യ അക്കാദമിയിൽ കവി റഫീഖ് അഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു.
തൃശൂർ: രാഷ്ട്രീയ സാമൂഹിക പ്രാധാന്യമുള്ള സിനിമകൾ അപൂർവമാകുകയും അക്രമോത്സുകതയുള്ളവ പെരുകുകയും ചെയ്യുന്നുവെന്ന് കവി റഫീഖ് അഹമ്മദ്.
മൾട്ടിപ്ലക്സുകളിലെത്തി സിനിമ കാണുന്നതു മാനുഷികവും ജൈവികവുമായ ആനന്ദം നൽകുന്നുണ്ടോയെന്നു സംശയമാണ്. മികച്ച സാഹിത്യകൃതികളെ ഉപജീവിച്ച് ഇറങ്ങിയ പഴയ സിനിമകൾ രാഷ്ട്രീയദർശനം നൽകുന്നുണ്ട്. സാങ്കേതികമായ വളർച്ചയും മേൻമയുമുള്ള പുതിയ സിനിമകൾ കണ്ടിറങ്ങുന്പോൾ മനസിലൊന്നും അവശേഷിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കോലഴി ഗ്രാമീണ വായനശാലയിൽ പ്രവർത്തിക്കുന്ന കോലഴി സിനിമ കൊട്ടകയുടെ നൂറാം പ്രദർശനാഘോഷം സാഹിത്യ അക്കാദമിയിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സിനിമയും മാനവികതയും എന്ന വിഷയത്തിൽ ഡോ.കെ.പി.എൻ. അമൃത മുഖ്യപ്രഭാഷണം നടത്തി. വായനശാല വൈസ് പ്രസിഡന്റ് സി. ബാലചന്ദ്രൻ, കെ.ബി. മധുസൂദനൻ, പി.പി. പ്രശാന്ത്, കെ.കെ. ആനന്ദ് എന്നിവർ പ്രസംഗിച്ചു.
Tags : Nattuvishesham District News