ഉളിക്കൽ കതുവാപ്പറമ്പിലുണ്ടായ തീയണക്കുന്ന അഗ്നിരക്ഷാ സേനാംഗങ്ങൾ.
ഉളിക്കൽ: ഉളിക്കൽ കതുവാപ്പറമ്പിൽ കശുവണ്ടി, കൊപ്ര ഫാക്ടറികൾക്ക് സമീപം തീപിടിച്ചു. ഇന്നലെ രാവിലെ പത്തോടെയായിരുന്നു സംഭവം. ഉണങ്ങിയ പുല്ലുകൾക്ക് തീപിടിച്ച് കാറ്റിനൊപ്പം അതിവേഗം പടരുകയായിരുന്നു. തീ ഫാക്ടറികളിലേക്ക് പടരുന്നതിന് മുന്പ് അണയ്ക്കാനായതിനാൽ വൻദുരന്തം ഒഴിവായി. തീപിടിത്തം ശ്രദ്ധയിൽ പെട്ടതോടെ ഫാക്ടറികളിലെ തൊഴിലാളികളും നാട്ടുകാരും ചേർന്ന് തീയണക്കാനുള്ള ശ്രമങ്ങളാരംഭിച്ചു.
ഇതിനിടെ ഇരിട്ടി, പേരാവൂർ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന സേനയും സ്ഥലത്തത്തി തീയണക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഉളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് സിജി സണ്ണി, വൈസ് പ്രസിഡന്റ് ടോമി മൂക്കനോലി, പഞ്ചായത്തംഗം ലിസി സജി, ജനപ്രതിനിധികൾ, ഉളിക്കൽ പോലീസ് എന്നിവരും തീയണക്കുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.