കുടിവെള്ള ടാങ്കിനു സമീപം തീപിടിത്തമുണ്ടായപ്പോൾ.
ഹരിപ്പാട്: പള്ളിപ്പാട് ആഞ്ഞിലിമൂട്ടില്‍ കുടിവെള്ള ടാങ്കിനു സമീപം കൂട്ടിയിട്ടിരുന്ന ഫൈബര്‍ പൈപ്പിന് തീപിടിച്ചു. മണിക്കൂറുകളുടെ ശ്രമത്തിനുശേഷം അഗ്നിശമനസേന തീ അണച്ചു. ഇന്നലെ നാലിന് തീ ആളിക്കത്തുന്നത് നാട്ടുകാരാണ് കണ്ടത്. ഉടന്‍ ഹരിപ്പാട് ഫയര്‍സ്റ്റേഷനില്‍നിന്നും രണ്ടു യൂണിറ്റ് എത്തിയെങ്കിലും തീ നിയന്ത്രണവിധേയമാക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായി. തുടര്‍ന്ന് കായംകുളം, മാവേലിക്കര ഭാഗത്തുനിന്നും രണ്ട് യൂണിറ്റ് കുടി എത്തിയാണ് തീ അണച്ചത്.
പ്ളാസ്റ്റിക്കും-ഫൈബറും അടങ്ങിയ മിശ്രിതം ഉപയോഗിച്ച് നിര്‍മിച്ച പൈപ്പായതിനാല്‍ തീയുടെ പുകയും ശക്തിയും സമീപത്ത് വ്യാപിച്ചു. കുടിവെള്ള പദ്ധതി പ്രദേശത്തേക്ക് കടക്കാനുള്ള ഗെയ്റ്റ് പൂട്ടി ഇട്ടിരുന്നതിനാല്‍ ഫയര്‍ഫോഴ്സിന് പെട്ടെന്ന് അകത്തുകടക്കാന്‍ പറ്റാത്ത സാഹചര്യമുണ്ടായി. പിന്നീട് പൂട്ട് തല്ലിത്തുറന്നാണ് പദ്ധതി പ്രദേശത്ത് കടന്നത്. തീപിടിത്തത്തില്‍ ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്.
സര്‍ക്കാര്‍ ബജറ്റില്‍ ഉള്‍പ്പെടുത്തി വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച കുടിവെള്ള പദ്ധതി ഇതുവരെയും പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതിനായി 200 കോടി രൂപയാണ് സര്‍ക്കാര്‍ ചെലവഴിച്ചത്.
Tags : Fire breaks out nattuvisesham local news