വെള്ളമില്ലാതെ ഉണക്കത്തിലായ മംഗലംഡാം കനാലിന്റെ വാലറ്റപ്രദേശമായ കണ്ണമ്പ്ര വളയൽ പാടശേഖരത്തിലെ കാഴ്ച.
വടക്കഞ്ചേരി: മംഗലംഡാം അണക്കെട്ടിന്റെ ആയക്കെട്ട് പ്രദേശങ്ങളിൽ ഒന്നാംവിള നെൽകൃഷി ഉണക്കുഭീഷണിയിൽ.
ഇടതുകര കനാലിന്റെ വാലറ്റ പ്രദേശങ്ങളായ കണ്ണമ്പ്ര, പുതുക്കോട് പഞ്ചായത്തുകളിലെ പാടശേഖരങ്ങളാണ് വെള്ളമില്ലാതെ കതിരുവരുന്ന നെൽകൃഷി ഉണങ്ങുന്ന സ്ഥിതിയുള്ളത്.
അടിയന്തര പ്രാധാന്യത്തോടെ ഇറിഗേഷൻ വകുപ്പ് അധികൃതർ വിഷയത്തിൽ ഇടപെട്ട് കനാലിലേക്ക് കൂടുതൽ വെള്ളം തുറന്നുവിടാൻ നടപടി വേണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.
ഡാമിൽ വെള്ളം നിറഞ്ഞ് കിടക്കുമ്പോൾ താഴെയുള്ള കൃഷി ഉണങ്ങാൻ കാരണമാകുന്നത് കർഷകരുടെ വലിയ പ്രതിഷേധത്തിനും ഇടയാക്കിയിട്ടുണ്ട്. ഒരാഴ്ച മുമ്പ് കിഴക്കഞ്ചേരി, വടക്കഞ്ചേരി പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ഡാമിന്റെ ഇടതുകര കനാലിലേക്ക് വെള്ളംവിട്ടിരുന്നു.
എന്നാൽ അത് വളരെ കുറഞ്ഞ അളവിലായതിനാൽ മെയിൻ കനാലിന്റെ പാതിവഴിയിൽ പോലും ഒരാഴ്ചയായിട്ടും വെള്ളം എത്തിയിട്ടില്ല.
കനാലുകളെല്ലാം പൊന്തക്കാടായി കിടക്കുന്നതിനാൽ കനാലിന്റെ വാലറ്റങ്ങളിലേക്ക് വെള്ളമെത്താൻ ഡാമിൽ നിന്നും കൂടുതൽ വെള്ളം തുറന്നുവിടാമെന്ന് കണ്ണമ്പ്ര വളയൽ പാടശേഖരത്തിലെ കർഷകനായ കെ.എം. പോൾ പറഞ്ഞു.
ഡാമിനു സമീപമുള്ള വക്കാല, ചെറുകുന്നം പാടശേഖരങ്ങളിൽ വെള്ളംവറ്റി കതിരുവരുന്ന നെല്ല് ഉണക്ക ഭീഷണിയിലായപ്പോഴാണ് കർഷകരുടെ പരാതിയിൽ ഒരാഴ്ച മുമ്പ് വെള്ളം വിട്ടത്.
സെപ്റ്റംബർ ആദ്യത്തിൽ തന്നെ ഒന്നാംവിള കൃഷിക്കായി ഡാമിൽ നിന്നും കനാലിലേക്ക് വെള്ളം വിടേണ്ടിവരുന്നത് അപൂർവമാണ്.
മഴയില്ലാതെ പകൽ തുടരുന്ന കനത്തചൂട് മറ്റു കാർഷിക വിളകൾക്കും വലിയ ദോഷമാണ് ഉണ്ടാക്കുന്നത്.
മഴക്കുറവിൽ പാൽ ഇല്ലാതെ റബർ കർഷകരും ദുരിതത്തിലാണിപ്പോൾ.
Tags : NattuVishesham DistrictNews