ആലപ്പുഴ: വേമ്പനാട്ടുകായലിലെ മത്സ്യസമ്പത്ത് കുറയുന്നത് ഉൾനാടൻ മത്സ്യത്തൊഴിലാളികളിൽ ആശങ്ക ഉയർത്തുന്നു. കായലിലെ പ്രധാന മത്സ്യമായ കരിമീനും ആറ്റുകൊഞ്ചും ഉൾപ്പടെയുള്ള നാടൻ മത്സ്യങ്ങൾ ലഭ്യമല്ലാതായതോടെ പരമ്പരാഗത ഉൾനാടൻ മത്സ്യത്തൊഴിലാളികൾ കടുത്ത ദുരിതത്തിൽ. വർഷങ്ങളായി കായലിനെ മാത്രം ആശ്രയിച്ചു കഴിഞ്ഞിരുന്ന ആയിരക്കണക്കിന് കുടുംബങ്ങൾ പട്ടിണിയിലേക്കും മറ്റു തൊഴിലുകൾ തേടേണ്ട അവസ്ഥയിലേക്കും തള്ളപ്പെട്ടിരിക്കുകയാണ്.
കാൽനൂറ്റാണ്ടിനിടെ വേമ്പനാട്ടു കായലിന്റെ മുഖച്ഛായ തന്നെ മാറിമറിഞ്ഞു. കേരളത്തിന്റെ കായൽ സമൃദ്ധിയുടെ പ്രതീകമായ വേമ്പനാട്ടു കായൽ കടുത്ത പാരിസ്ഥിതിക തകർച്ചയിലേക്കാണ് കടക്കുന്നത്. കഴിഞ്ഞ 25 വർഷത്തിനിടയിൽ കായലിന്റെ വിസ്തൃതി 30 ശതമാനത്തോളം ചുരുങ്ങി. 1930കളിൽ തണ്ണീർമുക്കം, ആലപ്പുഴ മേഖലകളിൽ എട്ടു മുതൽ ഒന്പതു മീറ്റർ വരെ ആഴമുണ്ടായിരുന്ന കായൽ ഇന്ന് 1.6 മുതൽ 4.5 മീറ്റർ വരെയായി ആഴം കുറഞ്ഞ് അപകടാവസ്ഥയിലാണ്.
2018ലെ മഹാപ്രളയത്തിനുശേഷം കായലിൽ അടിഞ്ഞുകൂടിയ ടൺ കണക്കിന് എക്കലും പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങളും ഉൾനാടൻ മത്സ്യങ്ങളുടെ പ്രജനനത്തെ എന്നെന്നേക്കുമായി സ്തംഭിപ്പിച്ചു. ഇതിനുപുറമേ പോളയുടെ അതിപ്രസരവും കായലിന്റെ അടിത്തട്ട് കലങ്ങിക്കിടക്കുന്നതും സ്ഥിതി കൂടുതൽ വഷളാക്കുന്നു.
ഒരു കാലത്ത് സമൃദ്ധമായിരുന്ന ഉൾനാടൻ മത്സ്യബന്ധന മേഖല ഇന്ന് കടുത്ത പ്രതിസന്ധിയിലാണ്. അഞ്ച് -ആറ് പേരടങ്ങുന്ന സംഘങ്ങൾ നടത്തുന്ന വെള്ളവലി വഴി മുൻപ് പ്രതിവർഷം 4,500 മുതൽ 6,000 കിലോ വരെ കരിമീൻ ലഭിച്ചിരുന്ന സ്ഥാനത്ത്, കഴിഞ്ഞ മൂന്നുവർഷത്തിനിടയിൽ അത് 1,500 മുതൽ 2,000 കിലോയായി കുറഞ്ഞു. ഒരു വള്ളത്തിന് പ്രതിവർഷം പത്തുലക്ഷം രൂപയുടെ വരുമാനം ലഭിച്ചിരുന്നിടത്ത് ഇന്ന് വർഷത്തിൽ രണ്ടുമാസം പോലും തൊഴിലില്ലാത്ത അവസ്ഥയാണ്. ഗത്യന്തരമില്ലാതെ മത്സ്യത്തൊഴിലാളികൾ കൃഷി പണിക്കും ലോട്ടറി വിൽപനയ്ക്കും മറ്റ് കൂലിപ്പണികൾക്കും ഇറങ്ങിത്തിരിച്ചിരിക്കുകയാണ്.
കഴിഞ്ഞവർഷത്തെ കണക്കെടുപ്പ് മുതൽ കായലിൽ ആറ്റുകൊഞ്ച് പൂർണമായും അപ്രത്യക്ഷമായതായി സ്ഥിരീകരിച്ചിട്ടുണ്ട്. കായൽ മലിനീകരണവും തണ്ണീർമുക്കം ബണ്ടിന്റെ പ്രവർത്തനഫലമായി ഉപ്പുവെള്ളം കയറുന്നതിൽ വന്ന കുറവുമാണ് ഇതിന് കാരണം. ഒക്ടോബറിൽ സുലഭമായി ലഭിക്കേണ്ട കരിമീൻ, കൊഞ്ച്, മഞ്ഞക്കൂരി, പുല്ലൻ, മുരശ്, കുറുവ, വാള, കണമ്പ്, കണ്ണി തുടങ്ങിയവയും ഒറത്തൽ, മുത്തരി, നങ്ക്, ഞണ്ട്, നാരൻ മീൻ തുടങ്ങിയ നാടൻ ഇനങ്ങളും ഇന്ന് കാണാനാകാത്ത അവസ്ഥയിലാണ്.
നാടൻ മത്സ്യങ്ങൾക്ക് വലിയ ഭീഷണിയായി സക്കർ ക്യാറ്റ് ഫിഷ് കായലിൽ വ്യാപകമായിക്കഴിഞ്ഞു. വിദേശനാണ്യം നേടിത്തരുന്ന മത്സ്യമേഖല അവഗണിക്കപ്പെടുമ്പോഴും കായൽ സംരക്ഷണത്തിനോ തൊഴിലാളി ക്ഷേമത്തിനോ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയാറാകുന്നില്ലെന്ന് തൊഴിലാളികൾ പറയുന്നു. അതേസമയം, കായലിലെ എക്കൽ നീക്കം ചെയ്യാൻ ഡ്രെഡ്ജിംഗ് നടത്തണമെന്ന ആവശ്യവും ശക്തമാണ്. എന്നാൽ, ശാസ്ത്രീയ പഠനങ്ങളില്ലാതെ നടത്തുന്ന മണൽഖനനം കായലിന്റെ ആവാസവ്യവസ്ഥയെ പൂർണമായി തകർക്കുമെന്നും അത് വൻദുരന്തത്തിന് വഴിയൊരുക്കുമെന്നും മറുവിഭാഗം വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
Tags :