ചമ്പക്കുളം: നെല്ല് സംഭരിക്കുന്ന മില്ലുകാരുടെയും ഏജന്റുമാരുടെയും അവകാശമായി മാറിയിരിക്കുന്ന കിഴിവ് എന്ന് അവസാനിപ്പിക്കും എന്ന കർഷകരുടെ ചോദ്യത്തിന് ഇപ്പോഴും ഉത്തരമില്ല. കുട്ടനാട്ടിൽനിന്നു സംഭരിക്കുന്ന നെല്ലിന്റെ, നെല്ല്-അരി അനുപാത അധിക ബാധ്യത സർക്കാർ വഹിക്കുമെന്ന സർക്കാർ ഉത്തരവിറങ്ങിയിട്ടും കുട്ടനാട്ടിൽനിന്നും സംഭരിക്കുന്ന നെല്ലിന് കിഴിവ് ഒഴിയുന്നില്ല.
ഇതിന്റെ അടിസ്ഥാനത്തിൽ കുട്ടനാട്ടിൽ കഴിഞ്ഞ പുഞ്ചകൃഷിക്ക് ഈടാക്കിയ കിഴിവ് നെല്ലിന്റെ തുക കർഷകർക്ക് തിരികെ നല്കണമെന്ന ആവശ്യം നിലനില്ക്കുമ്പോഴാണ് രണ്ടാം കൃഷിയുടെ വിളവെടുപ്പെത്തുന്നത്. എന്നാലിപ്പോഴും കിഴിവ് ഈടാക്കിയാണ് മില്ലുകൾ സംഭരണം നടത്തുന്നത്. നെല്ല്- അരി അനുപാതം സംബന്ധിച്ച ഔട്ട് ടേൺ റേഷ്യോയുടെ പേരിൽ കർഷകരെ ബുദ്ധിമുട്ടിക്കുന്ന നടപടി ഒഴിവാക്കണമെന്ന് പലനാളുകളായി കർഷകർ ആവശ്യപ്പെട്ടിരുന്നതാണ്. എന്നാൽ, ഇക്കാര്യത്തിൽ യാതൊരു നടപടികളും ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നില്ല എന്നതാണ് യാഥാർഥ്യം.
കേന്ദ്രസർക്കാർ മാനദണ്ഡപ്രകാരം ഒരു ക്വിന്റൽ നെല്ലിൽനിന്നും 68 കിലോ അരി പൊതുവിതരണ സംവിധാനത്തിലേക്ക് നല്കണമെന്നാണ് നിയമം. എന്നാൽ, പലപ്പോഴും ഇത്രയും അരി ലഭ്യമാകാറില്ല എന്നാണ് മില്ലുകാർ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ മില്ലുകാർ കർഷകരിൽനിന്നും തോന്നുംപടിയായി കിഴിവ് ഈടാക്കി വരുന്നു. ഇതിനെതിരേ കർഷകരുടെ നിരന്തരമായ പ്രതിഷേധം ഉയർന്നിരുന്നു.
നിലവിൽ കേന്ദ്രം ആവശ്യപ്പെടുന്ന 68 കിലോ എന്നതിന് പകരം 66.5 കിലോ എന്നാക്കി സംസ്ഥാനം അനുപാതം പുതുക്കി നിശ്ചയിച്ചു. 1.5 കിലോ അരിയുടെ സാമ്പത്തിക ബാധ്യത സംസ്ഥാന സർക്കാർ വഹിക്കും എന്ന ഉത്തരവാണ് കഴിഞ്ഞ പുഞ്ചകൃഷി നെല്ല് സംഭരണ സമയത്തുണ്ടായത്. ഇതിന്റെ അടിസ്ഥാനത്തിൽ ഇപ്പോൾ നെല്ല് സംഭരണം നടത്തുമ്പോൾ കിഴിവ് ഒഴിവാക്കുന്നതിനുവേണ്ടിയുള്ള അടിയന്തര നടപടി ഉണ്ടാവേണ്ടതാണ്.
രണ്ടാം കൃഷിയുടെ വിളവെടുപ്പ് ആരംഭിച്ചിരിക്കുന്ന അവസരത്തിൽ തുലാമഴയുടെ പേരും പറഞ്ഞ് നെല്ലുസംഭരണം താമസിപ്പിക്കുകയും ഈർപ്പത്തിന്റെയും ഗുണമേന്മ കുറവിന്റെയും പേരിൽ അനാവശ്യമായ കിഴിവ് ആവശ്യപ്പെട്ട് കർഷകരെ പ്രതിസന്ധിയിലാക്കുകയും ചെയ്യുന്ന മില്ലുകാരുടെയും ഏജന്റുമാരുടെയും നടപടിക്ക് തടയിടണമെന്നും കിഴിവ് എന്ന ഏർപ്പാട് പൂർണമായും ഒഴിവാക്കണമെന്നുമാണ് കർഷകരുടെ ആവശ്യം.
കിഴിവിന്റെ പേരിൽ ഓരോ നെല്ലുസംഭരണ സീസണുകളിലും ലക്ഷക്കണക്കിന് രൂപയാണ് കർഷകരിൽനിന്ന് അന്യായമായി മില്ലുകാരെടുക്കുന്നത്. ഇത് പകൽക്കൊള്ളയാണെന്നാണ് കർഷകരുടെ ആക്ഷേപം.
Tags :