ഫ്ലെയിം അഞ്ചാം പതിപ്പിൽ പങ്കെടുത്ത വിദ്യാർഥിപ്രതിഭകൾ മന്ത്രി എൻ. ഷംസുദീനും രമേഷ് പിഷാരടി എംഎൽഎയ്ക്കും സിനിമാതാരം ബേസിൽ ജോസഫിനുമൊപ്പം.
മണ്ണാർക്കാട്: നിയോജക മണ്ഡലത്തിലെ സമഗ്ര വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീൻ നടപ്പാക്കി വരുന്ന ഫ്ലെയിം (ഫ്യൂച്ചറിസ്റ്റിക് ലിങ്ക് ഫോർ അഡ്വാൻസ്മെന്റ് ഓഫ് മണ്ണാർക്കാട്സ് എഡ്യുക്കേഷൻ) വിദ്യാഭ്യാസ കർമ പദ്ധതിയുടെ ഭാഗമായി എഡ്യുകോൺക്ലേവ് സംഘടിപ്പിച്ചു.
ആയിരത്തിഒരുനൂറോളം വിദ്യാർഥിപ്രതിഭകൾ പങ്കെടുത്ത വിദ്യാഭ്യാസ സംഗമം മണ്ണാർക്കാട് കോടതിപ്പടി എംപി ഓഡിറ്റോറിയത്തിൽ മന്ത്രി അഡ്വ.എൻ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. മണ്ണാർക്കാടിന്റെ വിദ്യാഭ്യാസ പുരോഗതിക്കുള്ള ജ്വാലയാണ് ഈ പദ്ധതിയെന്നും ഇതു നടപ്പിലാക്കിയ ശേഷം മണ്ഡലത്തിലെ വിദ്യാഭ്യാസ രംഗത്ത് മികച്ച പുരോഗതിയാണ് നേടിയതെന്നും പരിപാടി ഉദ്ഘാടനം ചെയ്തു മന്ത്രി എൻ. ഷംസുദ്ദീൻ പറഞ്ഞു.
ലഹരിക്കെതിരായി ഈ സർക്കാർ ആരംഭിച്ച പോരാട്ടത്തിൽ വിദ്യഭ്യാസവകുപ്പും പങ്കാളിയായി. ഇതിന്റെ ഭാഗമായി സ്കൂളുകളിൽ ഒരു മില്യൻ തൂഫാൻ ഗോളുകൾ വിദ്യാർഥികൾ അടിച്ചു പദ്ധതിക്ക് മികച്ച പിന്തുണ നൽകി.
ഫുട്ബോളാണ് ഈ കാലയളവിലെ ലഹരി. ഈ സാഹചര്യത്തിലാണ് ഫൈനൽ മത്സരം കാണുന്നതിനു തിങ്കളാഴ്ച സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചതെന്നും മന്ത്രി പറഞ്ഞു.
രമേഷ് പിഷാരടി എംഎൽഎ മുഖ്യാതിഥിയായി പങ്കെടുത്തു. ചലച്ചിത്ര താരം ബേസിൽ ജോസഫ് വിശിഷ്ടാതിഥിയായി. സംഘാടക സമിതി ചെയർമാൻ ഹമീദ് കൊമ്പത്ത് അധ്യക്ഷനായി. മണ്ഡലത്തിലെ വിദ്യാലയങ്ങളിൽ നിന്നുള്ള എസ്എസ്എൽസി, പ്ലസ്ടു സമ്പൂർണ എ പ്ലസ് വിജയികൾക്കും നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ്, എൽപി, യുപി വിഭാഗം സിഎം കിഡ്സ് സ്കോളർഷിപ്പ് ജേതാക്കൾക്കും പൊതുവിദ്യാഭ്യാസ മന്ത്രിയുടെ എക്സലൻസ് അവാർഡുകൾ സമ്മാനിച്ചു. നൂറുശതമാനം വിജയനേട്ടം കൈവരിച്ച വിദ്യാലയങ്ങൾക്കുള്ള പുരസ്കാ സമർപ്പണവും ധീരതക്കുള്ള രാഷ്ട്രീയ ബാൽ പുരസ്കാർ ജേതാവ് മുഹമ്മദ് സിദാൻ, ഇരുപതാം വയസിൽ എവറസ്റ്റ് ബേസ് ക്യാമ്പിലെത്തിയ കെ. അൻഷദ് തുടങ്ങിയവർക്കുള്ള സ്നേഹാദരവും ഫ്ലെയിം പദ്ധതിയുടെ വെബ്സൈറ്റ് ലോഞ്ചിംഗും കോൺക്ലേവിൽ നടന്നു.
കൺവീനർ ഡോ. ടി. സൈനുൽ ആബിദ് സ്വാഗതവും ജോയിന്റ് കൺവീനർ കെ.ജി. ബാബു നന്ദിയും പറഞ്ഞു. വൈസ് ചെയർമാൻ സിദ്ദീഖ് പാറോക്കോട് റിപ്പോർട്ട് അവതരിപ്പിച്ചു. മണ്ണാർക്കാട് നഗരസഭാ ചെയർമാൻ കെ. സജ്ന, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ എം. നീതു ശങ്കർ, എസ്. അല്ലൻ, മുൻ എംഎൽഎ കളത്തിൽ അബ്ദുള്ള, എഇഒ സി. അബൂബക്കർ, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുത്തു.
Tags : Nattuvishesham District News