ആലപ്പുഴ: സുരക്ഷാമാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി, ആലപ്പുഴ ബീച്ചിൽ പ്രവർത്തിക്കുന്ന തട്ടുകടകൾക്കെതിരേ പരാതി പ്രവാഹം. അടിയന്തര സാഹചര്യങ്ങളിൽ എടുത്തു മാറ്റാവുന്ന തരത്തിൽ നാല് ചക്രങ്ങളോടുകൂടി മാത്രമേ ഇത്തരം കടകൾ പ്രവർത്തിക്കാവൂ എന്ന നിർദേശം പാലിക്കാതെ, ഹോളോബ്രിക്സിന് മുകളിലും കോൺക്രീറ്റ് ചെയ്തുമാണ് പല കടകളും പ്രവർത്തിക്കുന്നത്. മാത്രമല്ല, കടകൾക്ക് മുകളിൽ ഇരുമ്പ് ഷീറ്റുകളും കുടകളും സോളാർ പാനലുകളും ഉൾപ്പെടെ അനാവശ്യ കൂട്ടിച്ചേർക്കലുകളും നടത്തിയിട്ടുണ്ട്.
ബീച്ചിലെ തട്ടുകടകളുടെ സുരക്ഷ സംബന്ധിച്ച ആശങ്കകൾ കാലങ്ങളായി നിലനിൽക്കെയാണ് കഴിഞ്ഞ വർഷം മേയ് 26ന് ഒരു പെൺകുട്ടിയുടെ ജീവനെടുത്ത ദുരന്തമുണ്ടായത്. മഴയിൽനിന്ന് രക്ഷപ്പെടുന്നതിനായി കടയിലേക്ക് ഓടിക്കയറിയ പെൺകുട്ടിയുടെ ദേഹത്തേക്ക് കട മറിഞ്ഞുവീഴുകയായിരുന്നു. വേണ്ടത്ര സുരക്ഷയില്ലാതെയാണ് ഇത്തരം കടകൾ പ്രവർത്തിക്കുന്നതെന്ന ആരോപണം അന്നുതന്നെ ശക്തമായി ഉയർന്നിരുന്നു. എന്നാൽ, സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി നടപ്പാക്കാൻ നടപടിയുണ്ടായില്ലെന്നതാണ് വാസ്തവം.
ദുരന്തമുണ്ടായിട്ടും നടപടിയില്ല
ആലപ്പുഴ ബീച്ചിൽ 110 ഓളം താത്കാലിക കടകളാണ് പ്രവർത്തിക്കുന്നത്. ചക്രങ്ങളുള്ള കടകളായിരിക്കണമെന്ന നിബന്ധന മറികടന്ന് പലതും സ്ഥിരം സംവിധാനങ്ങളാക്കി മാറ്റിയിരിക്കുകയാണ്.
ബീച്ചിലെ എല്ലാ കടകൾക്കും ചക്രങ്ങൾ നിർബന്ധമാണ്. കടകളിൽ അനാവശ്യ കൂട്ടിച്ചേർക്കലുകൾ പാടില്ല. അടിയന്തര സാഹചര്യത്തിൽ കടകൾ മാറ്റാവുന്ന തരത്തിലാവണം. എന്നാൽ, ഇതൊന്നും പാലിക്കപ്പെടുന്നില്ല.
നിയമവിരുദ്ധമായി ഇത്തരം രീതിയിൽ കടകൾ പ്രവർത്തിപ്പിക്കാൻ പാടില്ലെന്ന വ്യവസ്ഥയുണ്ടെങ്കിലും ഇത് പാലിക്കപ്പെടുന്നില്ലെന്നാണ് ആക്ഷേപം. അധികൃതരുടെ ഭാഗത്തുനിന്ന് കാര്യമായ നടപടികളുണ്ടാകുന്നില്ലെന്നും പരാതിയുണ്ട്.
നിയമം അനുസരിച്ച് മാത്രമേ ബീച്ചിലെ കടകൾ പ്രവർത്തിക്കാവു. ശക്തമായ നീയന്ത്രണം വേണം. വൃത്തിയായി പ്രവർത്തിക്കണം. കൊടുക്കുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തണം. പരിശോധിച്ച് അധികൃതർ നടപടി എടുക്കണം.
-വി.ജി. വിഷ്ണു, പ്രതിപക്ഷനേതാവ്
Tags : NattuVishesham.DistricteNews