വൈക്കം സബ് ജില്ലാ സബ് ജൂനിയർ ഗേൾസ് ഫുട്ബോൾ ടീമിന്റെ പരിശീലന ക്യാമ്പ്
വൈക്കം: വൈക്കം സബ്ജില്ലാ സബ് ജൂനിയർ ഗേൾസിന്റെ ഫുട്ബോൾ പരിശീലന ക്യാമ്പിന് തുടക്കം. തലയോലപ്പറമ്പ് എജെ ജോൺ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ കഴിഞ്ഞ ഞായറാഴ്ച മുതലാണ് ക്യാമ്പ് തുടങ്ങിയത്. 18 മുതൽ കോട്ടയം സിഎംഎസ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന റവന്യു ജില്ലാ ചാമ്പ്യൻഷിപ്പിൽ മാറ്റുരയ്ക്കാനാണ് നിരവധി സ്റ്റേറ്റ് താരങ്ങൾക്കടക്കം സൗജന്യ പരിശീലനം നൽകി വരുന്നത്.
കഴിഞ്ഞയാഴ്ച കോട്ടയം കഞ്ഞിക്കുഴി ടർഫ് ഗ്രൗണ്ടിൽ നടന്ന ജൂനിയർ റവന്യു ജില്ലാ ഹോക്കി ചാമ്പ്യൻഷിപ്പിൽ വൈക്കം സബ് ജില്ലയാണ് ചാമ്പ്യൻഷിപ്പ് നേടിയത്. ഫുട്ബോളിലും വൈക്കം സബ്ജില്ല കിരീടം നേടുന്നതിനു വേണ്ടിയാണ് തീവ്ര പരിശീലനം നടത്തുന്നത്.
വെള്ളൂർ കെഎംഎച്ച്എസ്, തലയോലപ്പറമ്പ് എ.ജെ. ജോൺ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, വൈക്കം വടക്കേനട ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ തുടങ്ങിയ സ്കൂളുകളിലെ താരങ്ങളാണ് സബ് ജില്ലാ ടീമിൽ ഉൾപ്പെട്ടിരിക്കുന്നത്. സ്പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യ മുൻ വിമൻസ് ഫുട്ബോൾ കോച്ച് ജോമോൻ ജേക്കബ്, വൈക്കം വടക്കേനട ഗവൺമെന്റ് ഗേൾസ് ഹൈസ്കൂളിലെ കായികാധ്യാപിക രേഷ്മ ബാബു എന്നിവരാണ് പരിശീലനം നൽകുന്നത്.
Tags : District News Nattuvishesham Football training