ആലക്കോട്: ഉദയഗിരി പഞ്ചായത്തിലെ വനാതിർത്തി ചേർന്നുള്ള മാമ്പോയിൽ, ചീക്കാട്, പ്രദേശങ്ങളിൽ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തിൽ വ്യാപക കൃഷിനാശം. ദിവസങ്ങളായി ഈ മേഖലയിൽ തമ്പടിച്ചിരിക്കുന്ന കാട്ടാന നിരവധി പേരുടെ കൃഷികളാണ് വ്യാപകമായി നശിപ്പിച്ചിരിക്കുന്നത്.
കാട്ടാന വീടുകൾക്ക് സമീപം വരെ എത്തിയതിനാൽ ജനങ്ങൾ ഭീതിയോടെയാണ് കഴിയുന്നത്. കർണാടക വനത്തിൽ നിന്നെത്തുന്ന കാട്ടാനക്കൂട്ടമാണ് ജനവാസ കേന്ദ്രങ്ങ ളിൽ നാശനഷ്ടം വരുത്തുന്നത്.
കഴിഞ്ഞ ദിവസം മാമ്പൊയിലിലെ തുരുത്തേൽ ദേവസ്യയുടെ കൃഷിടത്തിലെത്തിയ ഒറ്റയാൻ ആന വ്യാപകമായ നാശം വരുത്തി. നിരവധി റബറും വാഴകളും നശിപ്പിച്ചു. സ്ഥലത്ത് സ്ഥാപിച്ചിരുന്ന റബർ മെഷീൻ പുര പൂർണമായി തകർത്തു. കാട്ടാന ആക്രമം തുടർക്കഥയായതോടെ ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ് കർഷകർ.
വന്യമൃഗശല്യം തടയാൻ തൂക്കുവേലി സ്ഥാപിച്ചുവെങ്കിലും ഇത് പ്രവർത്തനരഹിതമായ നിലയിലാണ്. ഇതോടെയാണ് കാട്ടാനശല്യം ജനവാസ മേഖലയിൽ രൂക്ഷമായത്. കാട്ടാന ആക്രമണം തടയാൻ വനംവകുപ്പ് ഫലപ്രദമായ നടപടികൾ സ്വീകരിക്കുന്നില്ലെന്നും നാട്ടുകാർക്ക് പരാതിയുണ്ട്.