അറസ്റ്റിലായ കിരൺ, അക്ഷയ്, ബീന, സന്ധ്യ എന്നിവർ.
നെയ്യാറ്റിന്‍കര: ഓപ്പറേഷന് തണ്ടറിന്റെ ഭാഗമായി എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ ആറാലുംമൂട്ടില്‍ കാര്‍ യാത്രികരില്നിന്നും 125 ഗ്രാം എംഡിഎംഎ പിടികൂടി. അമ്മയും മകനുമുൾപ്പെടെ നാലുപേർ പിടിയിലായി.
ഈഞ്ചയ്ക്കല്‍ അക്ഷരവീഥിയില്‍ കിരണ്‍ (33), അമ്മ ബീന (50), കിരണിന്റെ സുഹൃത്തുക്കളായ തിരുനെല്‍വേലി സ്വദേശിനി സന്ധ്യ (18), ചാല സ്വദേശി അക്ഷയ് എ.എസ്. നായര്‍ (26) എന്നിവരെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇവര്‍ പതിവായി എംഡിഎംഎ കടത്തുന്നവരാണെന്ന വിവരം എക്സൈസിനു നേരത്തെ ലഭിച്ചിരുന്നു. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി.ആര്. ഹിരോഷിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ബെംഗളൂരുവില്‍ നിന്നുള്ള ലഹരി പദാര്ഥങ്ങള്ക്കൊപ്പം കാറില്‍ തുണികളുമായിട്ടായിരുന്നു കിരണിന്റെയും സംഘത്തിന്റെയും യാത്ര. വസ്ത്രവ്യാപാരികളാണെന്നു മറ്റുള്ളവര്‍ക്ക് തോന്നാനായിട്ടാണ് ഈ വിദ്യ പ്രയോഗിച്ചതെന്നാണ് എക്സൈസ് നിഗമനം. വാഹനം പരിശോധിച്ചാലും കുടുംബാംഗങ്ങളാണെന്നു തോന്നിക്കും വിധമാണ് ഈ സംഘം സഞ്ചരിച്ചിരുന്നത്. കാറിന്റെ സ്റ്റീരിയോ സിസ്റ്റത്തിലാണ് എംഡിഎംഎ ഒളിപ്പിച്ചിരുന്നത്. കാറില്‍ കിരണിന്റെ എട്ടു വയസുള്ള മകളുമുണ്ടായിരുന്നു. രണ്ടു വര്‍ഷമായി ഭാര്യയുമായി അകന്നു കഴിയുകയാണ് കിരണ്‍. എക്സൈസ് ഉദ്യോഗസ്ഥര്‍ കിരണിന്റെ മകളെ ബന്ധുക്കള്‍ക്കു കൈമാറി. നാലുപേരുടെയും മൊബൈല്‍ ഫോണുകളും വാഹനവും പിടിച്ചെടുത്തു. ബീനയുടെ ഫോണ്‍ വഴിയാണ് ലഹരി കച്ചവടം നടന്നിരുന്നത്. ഇവരുടെ കൈയിൽനിന്നു 10000 രൂപയും പിടിച്ചെടുത്തു.
അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ ആര്. മനോജ് സ്ഥലത്തെത്തി ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്കി. എക്സൈസ് ഇന്‍സ്പെക്ടര്‍ നിഷാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. സംഘത്തില്‍ കൂടുതല്‍ അംഗങ്ങളുണ്ടോയെന്നും മറ്റുകേസുകളുണ്ടോയെന്നും അന്വേഷിച്ചുവരികയാണ്.
Tags : MDMA. NattuVishasham DistrictNews