അന്താരാഷ്ട്ര സെമിനാര്‍ ഡിവൈഎസ്പി എം.കെ. ഷാജി ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ‘സൈബര്ഷീല്ഡ് 2026' എന്ന പേരില്‍ അന്താരാഷ്ട്ര സെമിനാര്‍ സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട ഡിവിഷന് ഡിവൈഎസ്പി എം.കെ. ഷാജി ഉദ്ഘാടനം ചെയ്തു. കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐയുടെ നേതൃത്വത്തിലും കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം മേധാവി കെ.കെ. പ്രിയങ്കയുടെ സഹകരണത്തോടെയുമാണ് പരിപാടി സംഘടിപ്പിച്ചത്.
സൈബര്‍ സുരക്ഷാ മേഖലയിലെ പുതിയ സാധ്യതകള്‍, വെല്ലുവിളികള്‍, വ്യക്തിഗത വിവരങ്ങളുടെ സംരക്ഷണം, സുരക്ഷിതമായ ഡിജിറ്റല്‍ ഇടപെടലുകള്‍ എന്നിവയെക്കുറിച്ച് വിദഗ്ധര്‍ ക്ലാസുകള്‍ നയിച്ചു. തമിഴ്നാട്ടിലെ എസ്ആര്‍എം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയിലെ പ്രഫസര്‍ ഡോ.എസ്. ഉമാറാണി മുഖ്യപ്രഭാഷണം നടത്തി. തുടര്‍ന്ന് യുകെയിലെ നോട്ടിംഗ്ഹാം ട്രെന്റ് സര്‍വകലാശാലയിലെ റിസര്‍ച്ച് ഫെലോ ഡോ. ആകര്‍ഷ് കെ. നായര്‍ സൈബര്‍ സുരക്ഷയുടെ പ്രാധാന്യത്തെ പറ്റിയുള്ള സെഷന് നയിച്ചു. തുടര്‍ന്ന് തിരുവനന്തപുരം സൈബര്‍ഡോമിലെ സബ് ഇന്‍സ്പെക്ടര്‍ എ. പ്രമോദും തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ എ. സിറാജുദീന്റേയും നേതൃത്വത്തില്‍ മാല്‍വെയര്‍ അനാലിസിസ് ഹാന്‍ഡ്സ് ഓണ്‍ വര്‍ക്ക്ഷോപ്പ് നടന്നു.
സൈബര്‍ ആക്രമണങ്ങളെ തിരിച്ചറിയുന്നതിനും മാല്‍വെയര്‍ വിശകലനം ചെയ്യുന്നതിനുമുള്ള പ്രായോഗിക പരിശീലനം വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചു. വിദ്യാര്‍ഥികള്‍, ഗവേഷകര്‍, അധ്യാപകര്‍ എന്നിവര്‍ക്ക് സൈബര്‍ സുരക്ഷാ രംഗത്തെ പുതിയ അറിവുകള്‍ നേടാനും ആശയവിനിമയം നടത്താനും അവസരമൊരുക്കിയ സെമിനാര്‍ ശ്രദ്ധേയമായി.