പ്രതീകാത്മക ചിത്രം
പാലക്കാട്: ഓണക്കാലത്തോടനുബന്ധിച്ച് ജില്ലയില്‍ അബ്കാരി- മയക്കുമരുന്ന് കുറ്റകൃത്യങ്ങളും അനധികൃത ലഹരികടത്തും തടയുന്നതിനായി എക്സൈസ് വകുപ്പ് എന്‍ഫോഴ്സ്മെന്റ് പരിശോധനകള്‍ ശക്തമാക്കി.
ഓഗസ്റ്റ് ഒന്നുമുതല്‍ കഴിഞ്ഞദിവസംവരെ 127 അബ്കാരി കേസുകളും 50 മയക്കുമരുന്ന് കേസുകളും ഉള്‍പ്പെടെ 177 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 173 പ്രതികള്‍ അറസ്റ്റിലാവുകയും ചെയ്തു.
അബ്കാരി കേസുകളില്‍ നിന്നായി 524.930 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം, 31.700 ലിറ്റര്‍ ചാരായം, 3046 ലിറ്റര്‍ വാഷ്, 516.5 ലിറ്റര്‍ കള്ള് എന്നിവ പിടിച്ചെടുത്തു. മയക്കുമരുന്ന് പരിശോധനകളില്‍ 31.907 കിലോഗ്രാം കഞ്ചാവ്, 2375 കഞ്ചാവുചെടികള്‍, 0.565 ഗ്രാം മെത്താഫെറ്റമിന്‍, 0.039 ഗ്രാം എല്‍എസ്ഡി, രണ്ടു കഞ്ചാവ് സിഗരറ്റുകള്‍ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.
പുകയില ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട് 696 കേസുകള്‍ കണ്ടെത്തി, 20. 47 കിലോഗ്രാം പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. രേഖകളില്ലാതെ കടത്തിയ 46,03,000 രൂപയും പരിശോധനയ്ക്കിടെ പിടിച്ചെടുത്തിട്ടുണ്ട്.
704 കള്ളുഷാപ്പുകള്‍, 759 കള്ളുകടത്ത് വാഹനങ്ങള്‍, 25 ബാറുകള്‍ എന്നിവയില്‍ പരിശോധന നടത്തുകയും 142 കള്ളുസാമ്പിളുകളും 10 വിദേശമദ്യ സാമ്പിളുകളും ശേഖരിക്കുകയും ചെയ്തു. ഡിസ്റ്റിലറികളിലും ബ്രൂവറികളിലും പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ചെക്ക് പോസ്റ്റുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, പാര്‍സല്‍- കൊറിയര്‍ സര്‍വീസ് കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ഡോഗ് സ്ക്വാഡിന്റെ സഹായത്തോടെയും താലൂക്ക് അതിര്‍ത്തികളില്‍ പ്രത്യേക പരിശോധനകളും നടത്തി. അതിര്‍ത്തി വഴിയുള്ള ലഹരികടത്ത് തടയാന്‍ അന്തര്‍സംസ്ഥാന യോഗം ചേരുകയും അഗളി, ചിറ്റൂര്‍ മേഖലകളില്‍ പ്രത്യേക റെയ്ഡുകളും നടത്തി.
ചിറ്റൂര്‍ മേഖലയിലെ കള്ളുചെത്ത് തോട്ടംമേഖല കേന്ദ്രീകരിച്ച് പ്രത്യേക തോപ്പ് പരിശോധനാ സ്ക്വാഡുകള്‍ പരിശോധന നടത്തുന്നതിനൊപ്പം ഇന്റര്‍ റേഞ്ച് കള്ള് ചെക്കിംഗും തുടരുകയാണെന്നു അധികൃതർ അറിയിച്ചു.
ജില്ലാതല കണ്ട്രോള് റൂം: 0491-2505897, എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ്: 0491-2526277, സര്‍ക്കിള്‍ ഓഫീസ്, പാലക്കാട്: 0491- 2539260, 9400069430, സര്‍ക്കിള്‍ ഓഫീസ്, ചിറ്റൂര്‍: 04923-222272, 9400069610, സര്‍ക്കിള്‍ ഓഫീസ്, ഒറ്റപ്പാലം: 0466-2244488, 9400069616, സര്‍ക്കിള്‍ ഓഫീസ്, മണ്ണാര്‍ക്കാട്: 04924-225644, 9400069614, സര്‍ക്കിള്‍ ഓഫീസ്, ആലത്തൂര്‍: 04922-222474, 9400069612.