കോഴിക്കോട് സിറ്റിയിലെ സ്വകാര്യ ബസുകളിലെ യാത്രക്കാര്‍ക്ക് നിര്‍ദേശം നല്കുന്ന പൊലിസ് ഉദ്യോഗസ്ഥര്‍.
കോഴിക്കോട്: ഓണാഘോഷത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തിലും പരിസരപ്രദേശങ്ങളിലും തിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍, മോഷണങ്ങളും കവര്‍ച്ചകളും തടയുന്നതിനായി മുന്‍കരുതല്‍ നടപടികളുമായി കോഴിക്കോട് സിറ്റി പൊലിസ്. കോഴിക്കോട് സിറ്റി പോലിസ് കമ്മീഷണര്‍ എ.പി.ഷൗക്കത്തലിയുടെ നിര്‍ദ്ദേശപ്രകാരം സിറ്റിയിലെ വിവിധ സബ് ഡിവിഷനുകളിലാണ് പ്രത്യേക സുരക്ഷാ ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
ബസ് യാത്രക്കാര്‍, പൊതുജനങ്ങള്‍, പ്രമുഖ ജംഗ്ഷനുകളില്‍ എത്തുന്നവര്‍ എന്നിവരെ കേന്ദ്രീകരിച്ചാണ് ബോധവത്ക്കരണം. തിരക്കേറിയ സമയങ്ങളില്‍ സ്വര്‍ണ്ണമാല, മറ്റ് വിലപിടിപ്പുള്ള വസ്തുക്കള്‍ എന്നിവയുടെ സംരക്ഷണം ഉറപ്പാക്കേണ്ടതിനെക്കുറിച്ച് പൊലിസ് ഉദ്യോഗസ്ഥര്‍ നഗരത്തിലെ സ്വകാര്യ ബസുകളില്‍ കയറി നേരിട്ട് പൊതുജനങ്ങള്‍ക്ക് ക്ലാസുകളും നിര്‍ദ്ദേശങ്ങളും നല്കി വരുന്നു.
മാവൂര്‍, കുന്നമംഗലം, മെഡിക്കല്‍ കോളജ്, ചേവായൂര്‍ തുടങ്ങി മെഡിക്കല്‍ കോളജ് സബ് ഡിവിഷന് പരിധിയിലെ വിവിധ കേന്ദ്രങ്ങളില്‍ ബസ് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ ഇന്നലെ പൊലിസ് നേരിട്ടെത്തി പരിശോധനകളും ബോധവത്ക്കരണവും നടത്തി. ബാഗുകളും ആഭരണങ്ങളും കൂടുതല്‍ സുരക്ഷിതമായി സൂക്ഷിക്കുന്നതിനായി സേഫ്റ്റി പിന് ഉപയോഗിച്ച് ലോക്ക് ചെയ്യുന്നതുള്‍പ്പെടെയുള്ള പ്രായോഗിക സുരക്ഷാ മാര്‍ഗ്ഗങ്ങള്‍ പൊലിസ് യാത്രക്കാര്‍ക്ക് കാണിച്ചുകൊടുത്തു.
വരും ദിവസങ്ങളിലും നഗരത്തിലുടനീളം ബോധവത്ക്കരണ പരിപാടികളും സുരക്ഷാ പരിശോധനകളും ശക്തമായി തുടരുമെന്ന് മെഡിക്കല്‍ കോളജ് അസിസ്റ്റന്റ് പൊലിസ് കമ്മീഷണര്‍ പ്രമോദ് അറിയിച്ചു.
Tags : Nattuvishesham Local News Onam awareness