തിരുവല്ല: പുനരൈക്യ ശില്പിയും മലങ്കര സുറിയാനി കത്തോലിക്കാസഭയുടെ പ്രഥമ മെത്രാപ്പോലീത്തൻ ആർച്ച്ബിഷപ്പുമായിരുന്ന ധന്യൻ മാർ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ 73ാമത് ഓർമപ്പെരുന്നാളിനോടനുബന്ധിച്ചുള്ള തീർഥാടന പദയാത്ര നാളെ തിരുവല്ലയിൽ നിന്നാരംഭിക്കും.
മലങ്കര കത്തോലിക്ക യുവജന പ്രസ്ഥാനം തിരുവല്ല അതിഭദ്രാസനത്തിന്റെ നേതൃത്വത്തിൽ തിരുവല്ല സെന്റ് ജോൺസ് മെത്രാപ്പോലീത്തൻ കത്തീഡ്രൽ ദേവാലയത്തിൽ നിന്ന് തിരുവനന്തപുരം പട്ടം സെന്റ് മേരീസ് മേജർ ആർക്കി എപ്പാർക്കിയൽ കത്തീഡ്രലിൽ മാർ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ കബറിടംവരെയാണ് പദയാത്ര. 14നു സമാപിക്കും.
നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് തിരുവല്ല സെന്റ് ജോൺസ് മെത്രാപ്പോലീത്തൻ കത്തീഡ്രലിൽ കർദിനാൾ മാർ ബസലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെയും തിരുവല്ല അതിരൂപതാധ്യക്ഷൻ ഡോ. തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ പ്രാർഥനയോടെ തീർഥാടന പദയാത്ര ആരംഭിക്കും.