പ്രതീകാത്മക ചിത്രം
കായംകുളം: തിരുവനന്തപുരം-മുംബൈ നേത്രാവതി എക്സ്പ്രസ് ട്രെയിനിൽ വൻ കവർച്ച. കായംകുളത്തുനിന്നു താനെയിലേക്കു യാത്ര ചെയ്യുകയായിരുന്ന മലയാളി കുടുംബത്തിന്റെ 14 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളാണു കവർന്നത്. താനെ കിസാൻ നഗർ നിവാസികളായ സ്മിത പണിക്കർ, മകൾ ശ്രുതി പണിക്കർ എന്നിവരാണ് ട്രെയിനിന്റെ സ്ലീപ്പർ കോച്ചിൽ കവർച്ചയ്ക്ക് ഇരയായത്.
മൂന്നു സ്വർണവളകളും മാലകളും അടങ്ങുന്ന ബാഗാണ് മോഷ്ടാവ് തട്ടിയെടുത്തത്. കഴിഞ്ഞ ദിവസം പുലർച്ചെ 5.15നും 5.30നും ഇടയിലാണ് സംഭവം നടന്നത്.
ഗോവയ്ക്കും തിവിമിക്കും ഇടയിലുള്ള മേജർഡ ജംഗ്ഷനു സമീപത്തുവച്ചാണ് കവർച്ച നടന്നത്. ട്രെയിനിന്റെ വേഗം കുറഞ്ഞ സമയത്ത് സ്മിത പണിക്കരുടെ അടുത്തെത്തിയ മോഷ്ടാവ് അവരുടെ കൈയിൽനിന്നു ബാഗ് തട്ടിപ്പറിക്കുകയായിരുന്നു. സ്മിത ബാഗ് തിരിച്ചു വലിച്ചതോടെ ഇരുവരും തമ്മിൽ പിടിവലിയായി. വലിയൊരു അപകടത്തിൽനിന്നു തലനാരിഴയ്ക്കാണ് സ്മിത രക്ഷപ്പെട്ടത്.
പിന്നാലെ ബാഗ് പിടിച്ചെടുത്ത മോഷ്ടാവ് ട്രെയിനിൽനിന്നു പുറത്തേക്കു ചാടി കടന്നുകളയുകയായിരുന്നു. യാത്രക്കാർ നൽകിയ വിവരങ്ങൾവച്ച് പോലീസ് പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. ബാഗ് കവർന്ന കവർച്ച സംഘത്തിൽപ്പെട്ട കെ.എൻ. നിഖിൽ കുമാർ എന്നയാൾക്കായി പോലീസ് തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
Tags : Nattuvishesham DistrictNews