ടെക്നോപാർക്കിൽ എക്സ്ട്രാ ജി ക്ലബ്
തിരുവനന്തപുരം: കേരളത്തിന്റെ സാങ്കേതികവിദ്യാ-നവീകരണ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ടെക്നോസിറ്റി, തിരുവനന്തപുരത്ത് നിർദിഷ്ട സെമി കണ്ടക്ടർ കപ്പാസിറ്റി ബിൽഡിംഗ് പാർക്ക് ആൻഡ് സയൻസ് - ടെക്നോളജി എക്സ്പീരിയൻസ് പാർക്കിന്റെ ധാരണാപത്രം കൈമാറി.
മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി, എക്സ്ട്രാ ജി ക്ലബ് കന്പനി മാനേജിംഗ് ഡയറക്ടർ അനിയൻ കോശിക്കാണു ധാരണാപത്രം ഔദ്യോഗികമായി കൈമാറിയത്. കേരള സർക്കാർ ഐടി സെക്രട്ടറി ശ്രീറാം സാംബശിവ റാവു, എക്സ്ട്രാ ജി ക്ലബ് ചീഫ് ഓപ്പറേറ്റിംഗ് ഓഫിസർ ജോണി കുരുവിള, ഐഐഐടിഎം കെ ഡയറക്ടർ പ്രഫ. അലക്സ് ജെയിംസ്, ഐഐഐടിഎം കെ രജിസ്ട്രാർ രാജീവ് കുമാർ, സെബിൻ സണ്ണി, വെങ്കട്ട് രാഘവേന്ദ്ര എന്നിവരും പങ്കെടുത്തു.
നേരത്തെ ഓഫിസിന്റെ ഉദ്ഘാടനം മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നിർവഹിച്ചു. 10 ഏക്കർ വിസ്തൃതിയിൽ, എക് സ്ട്രാ ജി ക്ലബ് ലിമിറ്റഡ് കന്പനി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് മാനേജ്മെന്റ് കേരളയുമായി (ഐഐഐടിഎം-കെ) സഹകരിച്ച് വികസിപ്പിക്കുന്ന പദ്ധതിക്ക് പ്രാരംഭമായി 100 കോടി നിക്ഷേപം കണക്കാക്കുന്നു. വിദ്യാർഥികളുടെ ശാസ്ത്ര-സാങ്കേതിക വിദ്യാഭ്യാസത്തിനായി പ്രവർത്തിക്കുന്ന കേരളത്തിലെ ഒരു സ്റ്റാർട്ടപ്പ് കമ്പനിയാണ് എക്സ്ട്രാ ജി ക്ലബ്.
സെമികണ്ടക്ടർ ശേഷിവികസനം, അനുഭവാധിഷ്ഠിത ശാസ്ത്രപഠനം, നൂതന സാങ്കേതികവിദ്യകൾ, നവീകരണം, സംരംഭകത്വം, വ്യവസായ സഹകരണം എന്നിവയെ ഒരൊറ്റ സംവിധാനത്തിൽ കൊണ്ടുവരുന്നതാണ് പദ്ധതിയുടെ ലക്ഷ്യം. വിദ്യാർഥികൾ, പ്രഷണലുകൾ, ഗവേഷകർ, സംരംഭകർ, പൊതുജനങ്ങൾ എന്നിവർക്ക് ഇന്ററാക്ടീവ്, പ്രായോഗിക പഠനാനുഭവങ്ങൾ ലഭ്യമാക്കും.