പ്രതീകാത്മക ചിത്രം
പാലക്കാട്: പാരിസ്ഥിതിക സുരക്ഷ ഉറപ്പുവരുത്തുന്ന തരത്തിൽ കോഴിക്കോട്- പാലക്കാട് ഗ്രീൻഫീൽഡ് ഹൈവേയുടെ പദ്ധതിരേഖ പുതുക്കി തയാറാക്കുന്നതായി വി.കെ. ശ്രീകണ്ഠൻ എംപി അറിയിച്ചു.
ദേശീയപാത 66 ൽ സംഭവിച്ചതുപോലെ മണ്ണിടിച്ചിൽ പോലെയുള്ള ദുരന്തങ്ങൾ സംഭവിക്കാതിരിക്കാൻ ആധുനിക ശാസ്ത്ര- സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി പാതയുടെ രൂപകല്പനയും നിർമാണവും നടത്തുമെന്നു എംപിയുടെ ചോദ്യത്തിന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി മറുപടി നൽകി. അതിവേഗം ഇതിനുള്ള നടപടികൾ പൂർത്തിയാക്കാൻ കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരിയുമായി ചർച്ച നടത്തുമെന്നു വി.കെ. ശ്രീകണ്ഠൻ എംപി പറഞ്ഞു.
സാങ്കേതിക, ട്രാഫിക് പഠനത്തിനുശേഷം അന്തിമ രൂപരേഖയ്ക്ക് അനുമതി നൽകും. രാജ്യത്തുതന്നെ ഇത്തരത്തിൽ നിർമിക്കുന്ന ആദ്യപാതയാകുമിത്. ഒൻപതിനായിരം കോടിയോളമാണ് ചെലവ് പ്രതീക്ഷിക്കുന്നതെങ്കിലും പുതിയ രീതിയിൽ നിർമിക്കുമ്പോൾ ചെലവ് ഇരട്ടിയാകും.
ഇരുവശത്തുനിന്നും മണ്ണെടുത്ത് നാലുവരിപ്പാത നിർമിക്കുമ്പോൾ അപകടസാധ്യതയുണ്ട്. എന്നാൽ കുത്തനെ മണ്ണെടുത്ത് ഭിത്തികൾ നിർമിച്ച് അതിനിടയിലൂടെ റോഡ് നിർമിക്കുന്നത് പലയിടത്തും അപകടമുണ്ടാക്കും.
ഇതിനു പകരം തൂണുകളിലൂടെയുള്ള വയഡക്റ്റുകളിലൂടെ പാത കടന്നു പോകുന്ന രീതിയിൽ പലയിടത്തും വിഭാവനം ചെയ്യും. കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലൂടെ 121 കിലോമീറ്റർ ദൈർഘ്യമുള്ള നാലുവരിപ്പാതയ്ക്ക് 652 ഹെക്ടർ ഭൂമിയാണ് ആവശ്യം വരിക.
ഭൂരിഭാഗവും ഭൂമി ഏറ്റെടുത്തു കഴിഞ്ഞു. ആകെ കണക്കാക്കിയ 6816 കോടി രൂപയിൽ 4319 കോടി രൂപ വിതരണം ചെയ്തിട്ടുണ്ട്. നിർദിഷ്ട ഗ്രീൻഫീൽഡ് ഹൈവേ പാലക്കാട് ജില്ലയിലെ മരുതറോഡിന് സമീപത്ത് നിന്നാരംഭിച്ച് കോഴിക്കോട് ജില്ലയിലെ പന്തീരാങ്കാവിൽ അവസാനിക്കുന്ന രീതിയിലാണ് വിഭാവനം ചെയ്തിരിക്കുന്നത്.