ഫാ.ഡോ. മാത്യു പുത്തന്‍പറമ്പില്‍
ചങ്ങനാശേരി: ഗൂഡല്ലൂരിന്റെ സമരനായകന് പെരുന്ന മണക്കുന്നേല്‍ -പുത്തന്‍പറമ്പില്‍ ഫാ.ഡോ. മാത്യു പുത്തന്‍പറമ്പില്‍ നവതി നിറവില്‍. കത്തീഡ്രല്‍പള്ളി, ളായിക്കാട് സെന്റ് ജോസഫ്സ് പള്ളി എന്നിവിടങ്ങളില്‍ ട്രസ്റ്റിയും എകെസിസി വര്‍ക്കിംഗ് കമ്മിറ്റി അംഗവുമായിരുന്ന പരേതനായ മനയത്ത് ചെറിയാച്ചന്റെ മകനാണ് ഫാ. മാത്യു.
ളായിക്കാട് ഇടവകയിലെ മിഷന്‍ലീഗ് അംഗമായും സണ്‍ഡേ സ്കൂള്‍ അധ്യാപകനുമായി സജീവമായിരുന്ന പി.സി. മാത്യു കോളജ് വിദ്യാഭ്യാസം കഴിഞ്ഞ് ഫ്രാന്‍സിസ്കന്‍ മൂന്നാം സഭയുടെ (ടിഒആര്‍) ഭഗല്‍പ്പൂര്‍ മിഷനില്‍ ചേര്‍ന്ന് 1969 ഡിസംബര്‍ ഏഴിനു വൈദികനായി. രണ്ടു വര്‍ഷത്ത മിഷന് പ്രവര്‍ത്തനത്തിനുശേഷം ഉപരിപഠനത്തിനായി റോമില്‍ പോയി. ഗ്രിഗോറിയന്‍ യൂണിവേഴ്സിറ്റിയില്‍നിന്നും ദൈവശാസ്ത്രത്തില്‍ ഡോക്ടർ ബിരുദം നേടി മിഷനില്‍ തിരിച്ചെത്തി സെമിനാരി റെക്ടറും പ്രഫസറുമായി സേവനം ചെയ്തു. വിദ്യാഭ്യാസരംഗത്ത് സഭയുടെ വിവിധ സ്ഥലങ്ങളില്‍ ഐസിഎസ്ഇ, സിബിഎസ്ഇ സ്കൂളുകളില്‍ പ്രിന്‍സിപ്പലായി. അതിനുശേഷം മാനന്തവാടി രൂപതയില്‍ ഗൂഡല്ലൂര്‍ പ്രദേശത്ത് കയ്യൂന്നി ഫാത്തിമാ മാതാ ഇടവകയുടെയും സമീപത്തുള്ള പനഞ്ചിറ സെന്റ് സെബാസ്റ്റ്യന്‍ പള്ളിയുടെയും വികാരിയായി ആറു വര്‍ഷം സേവനം ചെയ്തു. അവിടെ ഫാ. മാത്യു പനഞ്ചിറയില് പുതിയ ദേവാലയവും കയ്യൂന്നി പള്ളിക്ക് വൈദിക മന്ദിരവും മാനന്തവാടി രൂപതയിലെ ആദ്യത്തെ ഇംഗ്ലീഷ് മീഡിയം സ്കൂളായ സേക്രട്ട് ഹാര്‍ട്ട് ഇംഗ്ലീഷ് മീഡിയം സ്കൂളും സ്ഥാപിച്ചു. വീണ്ടും ബീഹാറിലേക്ക് സ്കൂള്‍ ഉത്തരവാദിത്വത്തിലേക്ക് തിരിച്ച് പോയി.
ഭഗല്‍പൂര്‍ സഭയുടെ വികര് പ്രൊവിന്‍ഷ്യാളായും 1996ല്‍ ഇന്ത്യയിലെ പ്രൊവിന്‍ഷ്യാളായും പ്രവര്‍ത്തിച്ചു. 2001ല്‍ ഫ്രാന്‍സിസ്കന്‍ സഭയുടെ ജനറല്‍ കൗണ്‍സിലറായി റോമില്‍ പോയി. 2007ല്‍ ഇന്ത്യയില്‍ തിരിച്ചെത്തി പാലക്കാട് രൂപതയില്‍ വടക്കഞ്ചേരിയിൽ ഫ്രാന്‍സിസ്കന്‍ ആശ്രമം സുപ്പീരിയറായും അസീസി സ്നേഹഭവന് ഡയറക്ടര്‍, സഭയുടെ സ്കൂളുകളുടെ മാനേജറായും സേവനം ചെയ്യുന്നു. മണക്കുന്നേല്‍ കുടുംബയോഗം രക്ഷാധികാരിയാണ്. സിസ്റ്റർ അനറ്റ് പുത്തൻപറന്പിൽ എസ്എബിഎസ് സഹോദരപുത്രിയാണ്.
ഇന്ന് രാവിലെ 6.30ന് വടക്കഞ്ചേരി വള്ളിയോട് അസീസി ചാപ്പലിലും തുടര്‍ന്ന് അവിടത്തെ അന്തേവാസികളോടുമൊപ്പം നവതി ആഘോഷം നടക്കും.
Tags :