തൊടുപുഴ: ഇടവിട്ട് വേനല്‍മഴ ലഭിക്കുന്നുണ്ടെങ്കിലും ജില്ലയില്‍ കനത്ത ചൂട് തുടരുന്നു. തൊടുപുഴ ഉള്‍പ്പെടെ ലോറേഞ്ച് മേഖലകളില്‍ പകല്‍ 37-38 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് കൂടിയ താപനില. വേനലിന്റെ കാഠിന്യം മൂലം കിണറുകള്‍ ഉള്‍പ്പെടെയുള്ള ജലസ്രോതസുകളിലും ജലനിരപ്പ് താഴ്ന്നു തുടങ്ങി. ചൂട് അധികരിച്ചാല്‍ ഉയര്‍ന്ന പ്രദേശങ്ങളില്‍ ജലക്ഷാമം രൂക്ഷമാകാനിടയുണ്ട്.
മൂന്നാര്‍, പീരുമേട് ഉള്‍പ്പെടെയുള്ള ഹൈറേഞ്ച് മേഖലകളിലും ചൂടിന്റെ കാഠിന്യം വര്‍ധിച്ചു. കാല്‍നടയാത്രക്കാരും ഇരുചക്രവാഹന യാത്രികരുമെല്ലാം മീനച്ചൂടില്‍ വലയുകയാണ്. താപനില ഉയര്‍ന്നതോടെ പുറംജോലികളില്‍ ഏര്‍പ്പെടുന്നവരും ദുരിതത്തിലായി. പലയിടങ്ങളിലും വൈകുന്നേരം വേനല്‍മഴ ഉണ്ടെങ്കിലും ആ സമയങ്ങളില്‍ ചൂടിനു ചെറിയ ശമനമുണ്ടാകുമെന്നതു മാത്രമാണ് താത്കാലിക ആശ്വാസം.
ജില്ലയില്‍ മാര്‍ച്ച് ഒന്നു മുതല്‍ ഇന്നലെ വരെ ലഭിക്കേണ്ടിയിരുന്ന മഴ 94.6 മില്ലീമീറ്റര്‍ ആയിരുന്നു. ലഭിച്ചത് 65.9 മില്ലീമീറ്റര്‍ മാത്രമാണ്. 30 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
വരും ദിവസങ്ങളിലും മഴയ്ക്കു സാധ്യതയുണ്ടെന്ന പ്രവചനം ജില്ലയ്ക്ക് പ്രതീക്ഷ പകരുന്നതാണ്. മഴയ്ക്കൊപ്പം മിന്നലിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്നും മുന്നറിയിപ്പുണ്ട്.
കഴിഞ്ഞ ദിവസം തൊടുപുഴ ഉറവപ്പാറയില്‍ ഇടിമിന്നലേറ്റ് പെണ്‍കുട്ടി മരിച്ചിരുന്നു. അന്തരീക്ഷ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ ചൂട് മൂലമുള്ള ചെറിയ ആരോഗ്യ പ്രശ്നങ്ങള്‍ പോലും അവഗണിക്കരുതെന്നും ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശിക്കുന്നു. കനത്ത ചൂടുള്ള ഉച്ച സമയത്ത് വെയിലേല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് ദുരന്തനിവാരണ അഥോറിറ്റിയും മുന്നറിയിപ്പു നല്‍കുന്നുണ്ട്.
Tags : nattu vishesham Heavy heat district