കാട്ടാനകള്‍ റോഡിലൂടെ നടന്നുപോകുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവി കാമറയില്‍ പതിഞ്ഞപ്പോൾ.
വെള്ളറട: കേരള തമിഴ്നാട് അതിര്‍ത്തി ഗ്രാമങ്ങളില്‍ കാട്ടാനകളുടെ സാന്നിധ്യം ദിനംപ്രതി വര്‍ധിച്ചുവരുന്നെന്ന് ആരോപണം. കഴിഞ്ഞദിവസം നിരവധി കൃഷിയിടങ്ങള്‍ കാട്ടാനക്കൂട്ടം നശിപ്പിച്ചു. ആനക്കൂട്ടം കൃഷിയിടങ്ങൾക്കു സമീപത്തുകൂടെ സഞ്ചരിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
തമിഴ്നാട് അതിര്‍ത്തി ഗ്രാമങ്ങളായ പത്തുകാണി, പേണു മലനിര പ്രദേശങ്ങളിലാണ് കാട്ടാനകളുടെ സാന്നിധ്യം വര്‍ധിച്ചിരിക്കുന്നത്. പേണു പ്രദേശത്തെ കര്ഷകന് സണ്ണിയുടെ റബര്‍ തോട്ടത്തിലേക്ക് കയറിയ ആനക്കൂട്ടം തെങ്ങുള്‍പ്പെടെയുള്ള വിവിധ കൃഷികള്‍ നശിപ്പിച്ചു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ കളിയല്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടരുതെന്ന് കര്‍ഷകനു മുന്നറിയിപ്പ് നല്‍കിയതായി പറയപ്പെടുന്നു. ഇതിനെ തുടര്‍ന്നു കര്ഷകന് ദൃശ്യങ്ങള്‍ പുറത്തുവിടാന്‍ തയാറായിട്ടില്ല.
കൂടാതെ, പേണു പ്രദേശത്ത് സ്ഥാപിച്ചിരുന്ന വൈദ്യുത വേലിയും ആനകള്‍ തകര്‍ത്തിട്ടുണ്ട്. പത്തുകാണി പ്രദേശത്ത് കൃഷിയിടങ്ങളില്‍ ഒറ്റയാന് നാശനഷ്ടം വരുത്തിയതായി റിപ്പോര്‍ട്ടുണ്ട്. രണ്ടുമാസംമുമ്പു നടന്ന വ്യത്യസ്ത സംഭവങ്ങളില്‍ ആനയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തിരുന്നു.
കാട്ടാനകളുടെ സാന്നിധ്യം തുടര്‍ച്ചയായി വര്‍ധിക്കുന്നതിനാല്‍ അമ്പൂരി ഉന്നതി പ്രദേശങ്ങള്‍, ഗണപതിക്കല്ല്, കോമ്പ്രം തുടങ്ങിയ ഗ്രാമങ്ങളിലെ ജനങ്ങളും ആശങ്കയിലാണ്. കേരള-തമിഴ്നാട് വനം വകുപ്പുകള്‍ സംയുക്തമായുള്ള പെട്രോളിംഗുകള്‍ ശക്തമാക്കിയാല്‍ മാത്രമേ ആനയുടെ കടന്നുവരവ് നിയന്ത്രിക്കാന്‍ കഴിയൂ എന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
Tags : Nattuvishesham DistrictNews DeepikaNews wild elephants