ഫോർട്ടുകൊച്ചി: സിസ്റ്റർ ലിസി ചക്കാലക്കലിന്റെ നേതൃത്വത്തിൽ ഹൗസ് ചലഞ്ചിന്റെ ഭാഗമായി നിർമിച്ച 218-ാം മത് ഭവനം ചെന്നൈയിൽ ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് ചാണ്ടി ഉമ്മൻ എംഎൽഎ അമുതയ്ക്കും കുടുംബത്തിനും കൈമാറും.
കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹൗസ് ചലഞ്ചിന്റെ അമരക്കാരിയായ സിസ്റ്റർ ലിസി ചക്കാലക്കൽ റിട്ടയർമെന്റിനു ശേഷം ചെന്നൈയിലെ സ്റ്റെല്ല മേരീസ് കോളജിലെ ഹോസ്റ്റൽ വാർഡനായി സേവനം ചെയ്തു കൊണ്ടിരിക്കേയാണ് അമുതയേയും മക്കളായ വർഷയേയും ലോഗേഷിനേയും പരിചയപ്പെടുന്നത്.
ഓട്ടോ ഡ്രൈവറായിരുന്ന അമുതയുടെ ഭർത്താവിന്റെ മരണത്തിനു ശേഷം മക്കളുടെ വിദ്യാഭ്യാസമുൾപ്പെടെയുള്ള കുടുംബ ചിലവുകൾക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെന്ന് സിസ്റ്റർ ലിസിക്ക് ബോധ്യപ്പെട്ടു.
സ്വന്തമായി വീടില്ലാത്ത ഈ കുടുംബത്തിന് ചെന്നൈയിലെ റെഡ് ഹിൽസിലെ ചേരിയിൽ മൂന്ന് സെന്റ് സ്ഥലം ഉണ്ടെന്നറിഞ്ഞതോടെ അവിടെ ഹൗസ് ചലഞ്ചും ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫാ. ജോർജ് കണ്ണന്താനത്തിന്റെ നേതൃത്വത്തിലുള്ള പ്രോജക്ട് ഷെൽട്ടറും കൈകോർത്തതോടെ 730 ചതുരശ്ര അടി വിസ്തീർണമുള്ള ഭവനം സാക്ഷാത്കരിക്കപ്പെട്ടത്.
രണ്ട് കിടപ്പുമുറിയും ഹാളും അടുക്കളയും ബാത്ത്റൂം ഉൾപ്പെടെയുള്ളവ ഈ വാർക്കൽ വീടിനുണ്ട്.
Tags : Local News Nattuvishesham Ernakulam