വീട് പൂർണമായും തകർന്ന നിലയിൽ
ആറ്റിങ്ങൽ: മരം കടപുഴകി വീണു വീട് പൂർണമായും തകർന്നു; കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. അഴൂർ കോളിച്ചിറയിൽ ചരുവിളവീട്ടിൽ അജീഷ് കുമാറിന്റെ തകരഷീറ്റ് കൊണ്ടു നിർമിച്ച വീടാണ് തകർന്നത്. ഇന്നലെ വെളുപ്പിന് അഞ്ചിനായിരുന്നു സംഭവം. അജീഷും ഭാര്യ അജിതയും വികലാംഗയായ അമ്മ രാധയുമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്.
വലിയ ശബ്ദം കേട്ടാണ് മൂവരും ഉണർന്നത്. ശസ്ത്രക്രിയ കഴിഞ്ഞു കിടപ്പിലായിരുന്ന അമ്മയെയും എടുത്ത് അജീഷും ഭാര്യയും ഉടൻ പുറത്തേയ് ക്കിറങ്ങിയതിനാൽ വലിയ ദുരന്തമുണ്ടായില്ല. മരച്ചില്ല വന്നിടിച്ച് അജീഷിന്റെ കാലിനു ചെറിയ പരിക്കേറ്റു.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയും കാറ്റും കാരണം അജീഷിന്റെ മക്കളെ ചേച്ചിയുടെ വീട്ടിലേയ്ക്ക് മാറ്റിയിരുന്നു. വീടിനു തൊട്ടടുത്തുള്ള കുളിമുറിയും കക്കൂസും തകർന്നിട്ടുണ്ട്. ലൈഫ് മിഷൻ പദ്ധതിയിൽ വീടിനു വേണ്ടി അപേക്ഷിച്ചിട്ടുണ്ടെങ്കിലും വസ് തു രാധയുടെ പേർക്കായതിനാലുള്ള സാങ്കേതിക തടസം നിലനിൽക്കുന്നുണ്ട്. മാത്രവുമല്ല വസ്തുവിന്റെ ആധാരം നിലവിൽ പണയത്തിലുമാണ്. തകർന്ന വീടിന്റെ അവസ്ഥ കണ്ട് ഇനി എന്തുചെയ്യുമെന്നറിയാതെ കുഴങ്ങുകയാണ് ഈ നിർധന കുടുംബം.