ഡോ. ദിനേശന് ചെറുവാട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ വികസനസമിതി യോഗം.
ഇടുക്കി: ഇടമലക്കുടിയില്‍ നിര്‍മാണം പൂര്‍ത്തീകരിക്കാത്ത വീടുകളുടെയും അറ്റകുറ്റപ്പണികള്‍ ആവശ്യമുള്ള വീടുകളുടെയും സ്ഥിതിവിവര റിപ്പോര്‍ട്ട് തയാറാക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കാന്‍ ജില്ലാ വികസനസമിതി യോഗം തീരുമാനിച്ചു. ഫിനാന്‍സ് ഓഫിസര്‍, പൊതുമരാമത്ത്, തദ്ദേശ വകുപ്പ് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍മാര്‍, പട്ടികവര്‍ഗ വികസനവകുപ്പ് പ്രതിനിധി എന്നിവര്‍ ഉള്‍പ്പെടുന്നതാണ് സമിതി. സ്ഥലം സന്ദര്‍ശിച്ച് ഒരു മാസത്തിനകം സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നു ജില്ലാ വികസനസമിതിയോഗം നിര്‍ദേശിച്ചു.
2023ല്‍ പട്ടികവികസന വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് വനം വകുപ്പാണ് ഇവിടെ വീടുകള്‍ നിര്‍മിക്കുന്നത്. നിര്‍മാണം പൂര്‍ത്തിയാക്കാത്ത 58 വീടുകളുടെ ബലക്ഷമത സംബന്ധിച്ച് പരിശോധനനടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കഴിഞ്ഞ വികസനസമിതി യോഗത്തില്‍ തീരുമാനിച്ചിരുന്നു. 12 വീടുകള്‍ അറ്റകുറ്റപ്പണി നടത്തണമെന്നും 30 വീടുകള്‍ പുനര്നിര്മിക്കണമെന്നുമാണു പ്രാഥമിക വിലയിരുത്തല്‍. 30 വീടുകളുടെ ഫൗണ്ടേഷന് ജോലികള്‍ മാത്രമേ പൂര്‍ത്തീകരിച്ചിട്ടുള്ളൂ എന്നും ഇതും ഉപയോഗശൂന്യമായ നിലയിലാണെന്നും സാങ്കേതികസമിതി കണ്ടെത്തിയ സാഹചര്യത്തിലാണ് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ വിദഗ്ധസമിതിയെ നിയോഗിച്ചത്.
ഇടമലക്കുടിയിലെ പെട്ടിമുടി-ഇഡലിപ്പാറ റോഡ് നിര്‍മാണം പൂര്‍ത്തിയാക്കാത്ത കരാറുകാരനെ നീക്കാനുള്ള അടിയന്തര നടപടി സ്വീകരിക്കണമെന്നും യോഗം നിര്‍ദേശിച്ചു. ഇതിനായി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെന്നു പൊതുമരാമത്ത് വകുപ്പ് അറിയിച്ചു.
ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ ഇത്തരത്തില്‍ ഇതേ കരാറുകാരന് വിവിധ റോഡുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കാത്ത സാഹചര്യമുണ്ടെന്ന് യോഗം വിലയിരുത്തി. ഇടമലക്കുടിയില്‍ 1.3 കിലോമീറ്റര്‍ റോഡ് നിര്‍മാണമാണു പൂര്‍ത്തീകരിക്കാനുള്ളത്. റോഡ് നിര്‍മാണം സംബന്ധിച്ച് സൂപ്രണ്ടിംഗ് എന്‍ജിനിയറോട് വിശദീകരണം തേടാനും യോഗം തീരുമാനിച്ചു.
സര്‍ക്കാര്‍ ഭൂമി ജനോപകാരപ്രദമാകണം
ജില്ലയില്‍ വിവിധയിടങ്ങളില്‍ ഉപയോഗശൂന്യമായിക്കിടക്കുന്ന സര്‍ക്കാര്‍ ഭൂമികളും കെട്ടിടങ്ങളും ജനോപകാരപ്രദമായ പദ്ധതികള്‍ നടത്തുന്നതിനായി വിനിയോഗിക്കണമെന്നു യോഗം നിര്‍ദേശിച്ചു. ഇതിനായി വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും ഓഫീസുകളുടെയും കൈവശമുള്ള ഭൂമിയുടെയും കെട്ടിടങ്ങളുടെയും കണക്കെടുക്കും.
ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സൗകര്യപ്രദമായി താമസിക്കാന്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്കു സമീപം ക്വാര്‍ട്ടേഴ്സുകള്‍ നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് സമഗ്ര നയം തയാറാക്കും.
നിലവിലുള്ള ക്വാർട്ടേഴ്സുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാനും നടപടി സ്വീകരിക്കും.
ഇതിനായി ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ തദ്ദേശവകുപ്പ് ജോയിന്റ് ഡയറക്ടര്‍, പൊതുമരാമത്ത്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എന്നിവരടങ്ങിയ സമിതി നടപടി സ്വീകരിക്കും.
നിര്‍മാണ സാമഗ്രികളുടെ കുറവ് പരിഹരിക്കും
ജില്ലയില്‍ പാറ, മണല്‍, എംസാന്‍ഡ് പോലുള്ള നിര്‍മാണ സാമഗ്രികളുടെ കുറവ് പരിഹരിക്കുന്നതിനു പുതിയ ക്വാറികള്‍ അടിയന്തരമായി ആരംഭിക്കാന്‍ നടപടി സ്വീകരിക്കും. ക്വാറി അനുവദിക്കുന്നതിന് അനുയോജ്യമാണെന്ന് കണ്ടെത്തിയ സര്‍ക്കാര്‍ ഉടമസ്ഥതിയിലുള്ള സ്ഥലങ്ങളില്‍ പരിശോധനകള്‍ വേഗത്തിലാക്കാനും യോഗം തീരുമാനിച്ചു. ജില്ലാ കളക്ടര്‍ ഡോ. ദിനേശന് ചെറുവാട്ട് അധ്യക്ഷത വഹിച്ചു. എംഎല്‍എമാരായ റോയ് കെ. പൗലോസ്, സേനാപതി വേണു, സിറിയക് തോമസ്, ദേവികുളം സബ് കളക്ടര്‍ വി.എം. ആര്യ, എഡിഎം കെ. സുനില്‍കുമാര്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഡോ. പി. പ്രവീണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags :