പ്രതീകാത്മക ചിത്രം
കൊല്ലം: സൗദിയിൽ ഭർത്താവിന്റെ ക്രൂരപീഡനത്തിനിരയായ 24കാരി അഞ്ജുവിന് ആശ്വാസവും പിന്തുണയുമായി കേരള മനുഷ്യാവകാശ സംരക്ഷണ സമിതി പ്രവർത്തകരും ഹൃദയത്തണൽ കൂട്ടായ്മ ഭാരവാഹികളും ആശുപത്രിയിലെത്തി.
കൊല്ലത്തെ ആശുപത്രിയിലെ പ്രത്യേക നിരീക്ഷണ മുറിയിൽ കഴിയുന്ന അഞ്ജുവിനെ സന്ദർശിച്ച് ആരോഗ്യനില ചോദിച്ചറിഞ്ഞ സംഘം, നിയമപരവും മാനുഷികവുമായ എല്ലാ പിന്തുണയും ഉറപ്പാക്കുമെന്ന് അറിയിച്ചു.
കേരള മനുഷ്യാവകാശ സംരക്ഷണ സമിതി സംസ്ഥാന ചീഫ് മീഡിയ കോ-ഓർഡിനേറ്റർ ഷിബു റാവുത്തറിന്റെ നേതൃത്വത്തിലായിരുന്നു സന്ദർശനം. കൊല്ലം ജില്ലാ ഭാരവാഹികൾക്കൊപ്പം കൊല്ലം ജില്ലാ സെക്രട്ടറി എസ്. മുഹമ്മദ് സുഹൈൽ, അൻസാരി നൂർദീൻ, ജലജ കുമാരി, അനിൽ കുമാർ, ഫ്രാൻസിസ്, ജയകുമാർ എന്നിവരും ആശുപത്രിയിലെത്തി.
അഞ്ജുവിന് ചികിത്സയ്ക്കും നിയമപോരാട്ടത്തിനും ആവശ്യമായ എല്ലാ പിന്തുണയും നൽകുമെന്നു മനുഷ്യാവകാശ പ്രവർത്തകർ പറഞ്ഞു.
സംഭവത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.