പ്രതീകാത്മക ചിത്രം
കാസര്‍ഗോഡ്: ഇടതു-വലതു മുന്നണികള്‍ക്കെതിരേ നിന്നതിന്റെ പേരില്‍ താന്‍ ബലിയാടാകുകയായിരുന്നെന്ന് ഈസ്റ്റ് എളേരി പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ജയിംസ് പന്തമ്മാക്കല്‍. അനധികൃത സ്വത്ത് സമ്പാദനത്തിന്റെ പേരില്‍ സര്‍ക്കാർ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയതിന്റെ പശ്ചാത്തലത്തില്‍ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
1995 മുതല്‍ 25ഓളം ലോറികള്‍ വാടകയ്ക്കെടുത്ത് കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട് ജില്ലകളില്‍ വളരെ നല്ലരീതിയില്‍ ബോര്‍വെല്‍ ബിസിനസ് നടത്തിക്കൊണ്ടിരുന്നയാളാണ് ഞാന്‍. പ്രതിദിനം 1-2 ലക്ഷം രൂപ വരുമാനമായി ലഭിച്ചിരുന്നു. എന്നാല്‍ വികസനം മുരടിച്ച എന്റെ നാടിന്റെ പരിതാപകരമായ അവസ്ഥ കണ്ടാണ് രാഷ്ട്രീയത്തിലിറങ്ങിയത്.
സ്വതന്ത്രമായി നിന്ന് മത്സരിച്ച് വിജയിച്ച് 2010-15 കാലഘട്ടത്തില്‍ പ്രസിഡന്റായി. 90 ലക്ഷം രൂപയുടെ കണക്കില്‍പെടാത്ത സമ്പാദ്യം എനിക്കുണ്ടെന്നാണ് വിജിലന്‍സ് പറയുന്നത്. എന്നാല്‍ പൊതുപ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ വിവിധ ബാങ്കുകളിലായി ഒന്നരക്കോടി രൂപയുടെ വായ്പാ കുടിശിക എന്റെ പേരിലുണ്ട്. ഒമ്പതേക്കറോളം ഭൂമി വില്പന നടത്തി. രാഷ്ട്രീയ എതിരാളികളെ ദ്രോഹിക്കാനുള്ള ഭരണപക്ഷത്തിന്റെ ആയുധം മാത്രമാണ് വിജിലന്‍സ്. എന്നാല്‍ കോടതിയില്‍ തനിക്ക് വിശ്വാസമുണ്ടെന്നും നിയമപോരാട്ടത്തില്‍ വിജയിക്കമെന്ന കാര്യത്തില്‍ സംശയമില്ലെന്നും ജയിംസ് പറഞ്ഞു.