ചെറുതോണി: പകർച്ചവ്യാധി പ്രതിരോധ പ്രവർത്തന രംഗത്ത് ‘കരുതൽ 2026-27’ എന്ന പേരിൽ തീവ്രയജ്ഞ പരിപാടിക്ക് തുടക്കം കുറിച്ചു. ഇടുക്കി ബ്ലോക്കിലെ ബ്ലോക്ക് പഞ്ചായത്ത്, പഞ്ചായത്ത് പ്രസിഡന്റുമാർ, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്മാർ, അലോപ്പതി, ആയുർവേദം, ഹോമിയോ മെഡിക്കൽ ഓഫീസർമാർ, പബ്ലിക് ഹെൽത്ത് ജീവനക്കാർ, വിദ്യഭ്യാസ വകുപ്പ് പ്രതിനിധികൾ, സ്കൂൾ അധികൃതർ, കുടുബശ്രീ ചെയർ പേഴ്സൺമാർ, ജില്ലാ ശുചിത്വമിഷൻ ഉൾപ്പെടെ വിവിധ മേഖലകളിലെ പ്രതിനിധികൾ പങ്കെടുക്കുന്ന ശില്പശാല നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാന്ദ്രാമോൾ ജിന്നി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എ.പി. ഉസ്മാൻ അധ്യക്ഷത വഹിച്ചു.
ശില്പശാലയിൽ ഷിഗെല്ല, എച്ച്1 എൻ1, ഡെങ്കിപ്പനി, എലിപ്പനി, മലേറിയ തുടങ്ങിയ പകർച്ചവ്യാധി രോഗാണുക്കളെ ഫലപ്രദമായി പ്രതിരോധിക്കുന്നതിനുള്ള മാർഗങ്ങളെക്കുറിച്ചുള്ള ചർച്ചകളും നടന്നു.
ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പകർച്ചവ്യാധിക്കെതിരേ പഞ്ചായത്തുകൾ തോറും വാർ റൂമുകൾ തുറക്കുവാനും അധ്യാപകർ, വ്യാപാരികൾ, ഹോട്ടൽ, ബേക്കറി ഉടമകൾ, പലഹാര കച്ചവടക്കാർ, കുടിവെള്ളം വിതരണം ചെയ്യുന്നവർ, സ്കൂൾ പാചകത്തൊഴിലാളികൾ എന്നിവർക്ക് പ്രത്യേക ബോധവത്കരണ സെമിനാറുകൾ നടത്താനും ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ കുടിവെള്ള സ്രോതസുകൾ ക്ലോറിൻ ഉപയോഗിച്ച് ശുചീകരിക്കാനും ജലദോഷ ലക്ഷണങ്ങൾപോലും കാണിക്കുന്ന കുട്ടികൾക്ക് മാസ്ക് നിർബന്ധമാക്കാനും എല്ലാവർക്കും സാനിട്ടൈസർ നിർബന്ധമാക്കാനും ചായക്കടകളിലും പലഹാരക്കടകളിലും കൃത്യമായ പരിശോധനകൾ നിർബന്ധമാക്കുവാനും ശില്പശാലയിൽ തീരുമാനിച്ചു.
ബ്ലോക്കുതലത്തിൽ പ്രവർത്തനങ്ങളുടെ സംഘാടക സമിതി ചെയർമാനായി ബ്ലോക്ക് പ്രസിഡന്റിനെയും കൺവീനറായി മെഡിക്കൽ ഓഫീസറെയും കോ-ഓർഡിനേറ്റർമാരായി ബ്ലോക്ക് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷനെയും ഹെൽത്ത് ഇൻസ്പെക്ടറെയും നിയോഗിച്ചു.
കാമാക്ഷി പഞ്ചായത്ത് പ്രസിഡന്റ് ടി.എൻ. ബിജു, കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് കോമളം മോഹൻദാസ്, സ്ഥിരംസമിതി ചെയർപേഴ്സൺമാരായ മോളി ടോമി, വി.എ. ഉലഹന്നാൻ, സോന ട്രീസ ജോബി, ബ്ലോക്ക് പഞ്ചായത്തംഗം നിള ബിജു തുടങ്ങിയവർ പ്രസംഗിച്ചു.