തൊടുപുഴ: മൂന്നാറില്‍ ഉള്‍പ്പെടെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ വാഹനത്തില്‍ അപകടകരമായ രീതിയില്‍ യാത്ര നടത്തുന്നവര്‍ക്കും ഓഫ് റോഡ് ജീപ്പ് ഡ്രൈവര്‍മാര്‍ക്കുമെതിരേ കര്‍ശന നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. ജില്ലയിലേക്കെത്തുന്ന വിനോദ സഞ്ചാരികള്‍ അപകടകരമായ രീതിയില്‍ കാറുകളുടെ ജനാലകള്‍ വഴി ശരീരം പുറത്തിട്ടും ജീപ്പുകളുടെ ബോണറ്റിലും മറ്റും സാഹസികമായ രീതിയില്‍ നടത്തുന്ന യാത്രകള്‍ വ്യാപകമായതോടെയാണ് കര്‍ശന നടപടി സ്വീകരിച്ചതെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പറഞ്ഞു. മൂന്നാര്‍ മേഖലയില്‍ അപകടകരമായ രീതിയില്‍ യാത്ര നടത്തിയ വാഹനങ്ങള്‍ ഓടിച്ച ആറു ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.
മൂന്നാര്‍ ലക്ഷ്മി എസ്റ്റേറ്റില്‍ ഇത്തരത്തില്‍ അപകടയാത്ര നടത്തിയ ഒരു സ്വകാര്യവാഹനത്തിന്റെയും ടാക്സി ജീപ്പിന്റെയും ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. സ്വകാര്യ വാഹനം മോഡിഫൈ ചെയ്ത് വിനോദസഞ്ചാരികളെ കയറ്റിവരികയായിരുന്നു. എക്കോ പോയിന്റില്‍ സന്ദര്‍ശകരെ കയറ്റി സാഹസികമായി വാഹനമോടിച്ചയാളുടെ ലൈസന്‍സും സസ്പെന്‍ഡ് ചെയ്തു.
എറണാകുളത്തുനിന്നു മൂന്നാറിലേയക്ക് പോകുന്നതിനിടെ നേര്യമംഗലം ഭാഗത്ത് ഓടിക്കൊണ്ടിരുന്ന വാഹനത്തിന്റെ ഇരുവശത്തെ ജനാലകളില്‍ ഇരുന്ന് യാത്ര ചെയ്ത സംഭവത്തിലും ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.
വാഹനങ്ങളുടെ മുകള്‍ ഭാഗം തുറന്ന് ഇതിലൂടെ ശരീരം പുറത്താക്കി യാത്ര ചെയ്ത സംഭവത്തില്‍ രണ്ടു വാഹന ഡ്രൈവര്‍മാരുടെ ലൈസന്‍സും എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ ഷെഫീക്കിന്റെ നിര്‍ദേശപ്രകാരം സസ്പെന്‍ഡ് ചെയ്തു.
കഴിഞ്ഞ ദിവസം ഗ്യാപ് റോഡില്‍ വാഹനത്തിന്റെ ജനാലകളില്‍ ഇരുന്ന് അപകടയാത്ര നടത്തിയവര്‍ക്കെതിരേ പോലീസ് നടപടിയെടുത്തിരുന്നു. ചിത്തിരപുരം മേഖലയിലും കര്‍ണാടകയില്‍നിന്ന് എത്തിയ വിനോദസഞ്ചാരികള്‍ വാഹനത്തില്‍ അപകടയാത്ര നടത്തിയിരുന്നു. ഇവര്‍ക്കെതിരേയും മോട്ടോര്‍ വാഹന വകുപ്പ് നടപടി സ്വീകരിച്ചു.
ടൂറിസ്റ്റ് ബസുകളിലും ട്രാവലറുകളിലും അമിത ശബ്ദത്തില്‍ പാട്ടു വയ്ക്കുന്നതിനെതിരേയും മോട്ടോര്‍ വാഹനവകുപ്പ് നടപടി സ്വീകരിച്ചു. കഴിഞ്ഞ ദിവസം ഇക്കോ പോയിന്റില്‍ മറ്റു സഞ്ചാരികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന വിധത്തില്‍ വലിയ ശബ്ദത്തില്‍ പാട്ടുവച്ച് ബഹളം വച്ചതിന്റെ പേരില്‍ ടൂറിസ്റ്റ് ബസിന് പിഴയിടപ്പിക്കുകയും ഡ്രൈവറിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. ബസിന്റെ ബോണറ്റിലാണ് ഇത്തരം വലിയ ശബ്ദം കേള്‍ക്കുന്ന സ്പീക്കുകള്‍ ഘടിപ്പിച്ചിരിക്കുന്നത്.
അപകട യാത്ര നടത്തുന്നവരെ വിളിച്ചു വരുത്തി താക്കീതു നല്കുന്നതിനു പുറമേ ഇത്തരം യാത്രകളില്‍ ഉണ്ടാകാനിടയുള്ള അപകട സാധ്യതകളെകുറിച്ച് ബോധവത്കരണവും നടത്തിയാണ് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പറഞ്ഞു വിടുന്നത്.
കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കുമ്പോഴാണ് കര്‍ശന നടപടികളിലേക്കു കടക്കുന്നതെന്ന് മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ പറഞ്ഞു. ഇത്തരം പരിശോധനകള്‍ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെത്തുന്ന സന്ദര്‍ശകരെ ബാധിക്കാത്ത തരത്തിലാണ് നടത്തുന്നതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അപകടകരമായ യാത്ര നടത്തുന്നവര്‍ക്കെതിരേ വരുംദിവസങ്ങളിലും കര്‍ശന നടപടികള്‍ തുടരാനാണ് പോലീസിന്റെയും മോട്ടോര്‍ വാഹന വകുപ്പിന്റെയും തീരുമാനം.
Tags : pandemic Nattuvishesham Districte news