ഇടുക്കി: ജില്ലാ വികസന പാക്കേജ് പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ജില്ലാ കളക്ടര്‍ ഡോ. ദിനേശന് ചെറുവാട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിൽ തീരുമാനം. ഡീന്‍ കുര്യാക്കോസ് എംപി., ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ്, എംഎല്‍എമാരായ റോയ് കെ. പൗലോസ്, സിറിയക് തോമസ്, സേനാപതി വേണു, എഫ്. രാജ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
2021-ലാണ് ഇടുക്കി പാക്കേജ് സംബന്ധിച്ച നിര്‍ദേശങ്ങള്‍ രൂപീകരിച്ചത്. വർഷം തോറും 75 കോടിയാണ് ബജറ്റില്‍ വകയിരുത്തുന്നത്. 2026-27 സാമ്പത്തിക വര്‍ഷം 80 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. പദ്ധതികള്‍ തയാറാക്കുന്നതിലും നടപ്പാക്കുന്നതിലും ഉദ്യോഗസ്ഥര്‍ കാര്യക്ഷമമായി ഇടപെടണമെന്ന് യോഗം നിര്‍ദേശിച്ചു.
ഇടുക്കി പാക്കേജ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സ്പെഷല്‍ ഓഫീസറെ നിയമിക്കുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തും. സ്പെഷല്‍ ഓഫീസറായി പ്രവര്‍ത്തിക്കേണ്ട ജില്ലാ വികസന കമ്മീഷണര്‍ നിലവില്‍ ജില്ലയില്‍ ഇല്ലാത്ത സാഹചര്യത്തിലാണിത്.
2022 മുതല്‍ 2026 വരെ 65 പ്രവൃത്തികളാണ് ജില്ലാതല സമിതി ശിപാര്‍ശ ചെയ്തത്. ഇതില്‍ 31 പദ്ധതികള്‍ക്കാണ് ഭരണാനുമതി ലഭിച്ചത്. ആകെ 14.60 കോടിയാണ് ഇതുവരെ ചെലവഴിച്ചത്. 2022-23-ല്‍ ആറ് പദ്ധതികള്‍ക്കാണ് ഭരണാനുമതി ലഭിച്ചത്. രാജാക്കാട്, മൂന്നാർ, ബൈസണ്‍വാലി, വെള്ളിയാമറ്റം എന്നിവിടങ്ങളില്‍ നടപ്പാക്കുന്ന മാതൃകാ നീര്‍ത്തട പദ്ധതികളുടെ നിര്‍മാണം പൂര്‍ത്തിയായി. രണ്ട് കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കിയത്.
വണ്ടിപ്പെരിയാര്‍ കനാല്‍ പുനരുദ്ധാരണവും വെള്ളപ്പൊക്ക നിയന്ത്രണ പ്രവൃത്തികളും നടപ്പാക്കുന്നതിന് പ്രദേശത്തെ താമസക്കാരെ ഒഴിപ്പിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് മൈനര്‍ ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ യോഗത്തില്‍ അറിയിച്ചു. ഇടുക്കി ഗവ. എന്‍ജിനിയറിംഗ് കോളജ് മള്‍ട്ടിപ്പര്‍പ്പസ് ജിം ആൻഡ് അമിനിറ്റി സെന്ററിന്റെ സംരക്ഷണ ഭിത്തിയുടെ നിര്‍മാണം പുരോഗിക്കുകയാണ്. ഏലപ്പാറ ചെമ്മണ്ണ് ഗവ. ഹൈസ്കൂളിന്റെ പശ്ചാത്തല സൗകര്യ വികസനം, ഇടുക്കി ഡാം റിസര്‍വോയറില്‍ ടൂറിസ്റ്റ് ബോട്ടിംഗ് എന്നീ പദ്ധതികള്‍ പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ യോഗം നിര്‍ദേശിച്ചു.
ഇടുക്കി ടൂറിസം മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുന്നതിനും ടൂറിസം ബ്രാന്‍ഡിംഗുമായി ബന്ധപ്പെട്ട് വിദഗ്ധ സമിതി രൂപീകരിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍ എന്നിവരുടെ യോഗം ചേര്‍ന്ന് മാസ്റ്റര്‍ പ്ലാനിന്റെ കരട് അവതരിപ്പിക്കാന്‍ നിര്‍ദേശം നല്കി.
2023-24 ല്‍ ഒന്‍പത് പദ്ധതികള്‍ക്കാണ് ഭരണാനുമതി ലഭിച്ചത്. വന്യജീവി സംഘര്‍ഷ മേഖലകളില്‍ തെരുവുവിളക്കുകള്‍ സ്ഥാപിക്കുന്ന പദ്ധതി പൂര്‍ത്തിയായി. പിന്നാക്ക, പ്ലാന്റേഷന് മേഖലകളില്‍ 10 മാതൃക അങ്കണവാടികള്‍ നിര്‍മിക്കുന്നതില്‍ ഇടമലക്കുടിയില്‍ അഞ്ച് അങ്കണവാടികളുടെ നിര്‍മാണത്തിന് കരാറായി. ഇവിടെ റോഡ് പുനരുദ്ധാരണം നടക്കുന്നതിനാല്‍ നിര്‍മാണം ആരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല.
ക്ഷീരസഹകരണ സംഘങ്ങള്‍ക്ക് അടിസ്ഥാനസൗകര്യം ഒരുക്കുന്ന പദ്ധതിയില്‍ 39 സംഘങ്ങളില്‍ നിര്‍മാണം പൂര്‍ത്തിയായി. മറയൂര്‍ ശര്‍ക്കര ക്ലസ്റ്റര്‍ പദ്ധതിയില്‍ പട്ടികവര്‍ഗ വികസന വകുപ്പുമായി സഹകരിച്ച് പദ്ധതി നടപ്പാക്കുന്നതിന് നടപടി സ്വീകരിച്ചുവരികയാണെന്ന് ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ അറിയിച്ചു. നരകക്കുഴി പാലം നിര്‍മാണം പൂര്‍ത്തിയായി. നൂലംപാറ പാലം അവസാനഘട്ടത്തിലും പുല്ലാട്ടുപടി പാലം നിര്‍മാണം പുനര്‍ ടെന്‍ഡര്‍ ഘട്ടത്തിലുമാണ്. ഉടുമ്പന്‍ചോല ഗവ. ആയുര്‍വേദ മെഡിക്കല്‍ കോളജ് വികസനം, വന്യജീവി സംഘര്‍ഷ മേഖലകളിലെ സോളാര്‍ ഫെൻസിംഗ്, കട്ടപ്പന ഗവ. കോളജിലെ ആധുനിക ലബോറട്ടറികളുടെ നിര്‍മാണം എന്നീ പദ്ധതികളും പുരോഗമിക്കുകയാണ്.
2024-25 വര്‍ഷം നെടുങ്കണ്ടം ഗവ. പോളിടെക്നിക് കോളജ് സ്റ്റാഫ് ക്വാര്‍ട്ടേഴ്സ് നിര്‍മാണം, വെസ്റ്റ് കോടിക്കുളം ഗവ.എച്ച്എസ്എസ് കെട്ടിട നിര്‍മാണം, വഞ്ചിവയല്‍ വള്ളക്കടവ് ഗവ. ട്രൈബല്‍ ഹൈസ്കൂളിന് പുതിയ കെട്ടിടം നിര്‍മാണം എന്നീ പദ്ധതികളാണ് നടപ്പാക്കുന്നത്.
2025-26 വര്‍ഷം 13 പദ്ധതികള്‍ക്ക് ഭരണാനുമതി ലഭിച്ചു. ഇടുക്കി മെഡിക്കല്‍ കോളജ് കാത്ത് ലാബ് ഇലക്ട്രിക്കല്‍ ജോലികള്‍ പുരോഗമിക്കുകയാണ്. പതിനാറാംകണ്ടം-പ്രകാശ് റോഡ്, പെരിയാറിന് കുറുകെ ചെക്ക് ഡാം കം ബ്രിഡ്ജ്, തങ്കമണി-ഇരുക്കുട്ടി-പാണ്ടിപ്പാറ റോഡ് എന്നീ പദ്ധതികള്‍ പുരോഗമിക്കുന്നു. ചെറുതോണി ടൗണ്‍ റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് പുതിയ പദ്ധതി നിര്‍ദേശം സമര്‍പ്പിക്കും. അടിമാലി താലൂക്ക് ആശുപത്രിയില്‍ കാത്ത് ലാബ് മൂന്നു മാസത്തിനകം പ്രവര്‍ത്തനസജ്ജമാകുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
അടിമാലിയില്‍ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി നിര്‍മാണം, അണക്കര ഗവ. എച്ച്എസ്എസ് പുതിയ കെട്ടിടം, കൊരങ്ങാട്ടി മന്നാംകണ്ടം ഗവ. ഹൈസ്കൂള്‍ പുതിയ കെട്ടിടം, പെരിങ്ങാശേരി ജിടിഎച്ച്എസ്എസില്‍ പെണ്‍കുട്ടികള്‍ക്കായി പ്രീ-മെട്രിക് ഹോസ്റ്റല്‍ കെട്ടിടം, അടിമാലി താലൂക്ക് ആശുപത്രി ബഹുനില മന്ദിരം, ഇടുക്കി നഴ്സിംഗ് കോളജ് പുതിയ ഹോസ്റ്റല്‍ ബ്ലോക്ക് നിര്‍മാണം എന്നീ പദ്ധതികളാണ് നടപ്പാക്കുന്നത്.
ഏലം കൃഷിനാശത്തിന് ധനസഹായം നല്‍കുന്നതിനുള്ള പാക്കേജ് വേഗത്തില്‍ നടപ്പാക്കാനും നിര്‍ദേശം നല്കി. യോഗത്തില്‍ സബ് കളക്ടര്‍മാരായ വി.എം. ആര്യ, അനൂപ് ഗാര്‍ഗ്, എഡിഎം എസ്. ശ്രീജിത്ത്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ടി. ജ്യോതിമോള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.