രണ്ടാം ഘട്ടത്തിന്റെ ഉദ്ഘാടനം ബിഷപ്സ് ഹൗസില്‍ നടന്ന ചടങ്ങില്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിക്കുന്നു.
പാലാ: പാലാ രൂപതയും ഡിസിഎംഎസ് പാലായും ചേര്‍ന്ന് രൂപതയിലെ ദളിത് കത്തോലിക്കര്‍ക്കായി ആവിഷ്കരിച്ച കൈത്താങ്ങ് പ്രിവിലേജ് പാക്കേജിന്റെ രണ്ടാം ഘട്ടം ആരംഭിച്ചു. ബിഷപ്സ് ഹൗസില്‍ ഇന്നലെ
നടന്ന ചടങ്ങില്‍ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം നിര്‍വഹിച്ചു.
കേരള കത്തോലിക്കാ സഭയുടെ സമുദായ ശക്തീകരണ വര്‍ഷത്തോടനുബന്ധിച്ച് രൂപതയുടെ കാരുണ്യശക്തീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒക്ടോബര്‍ 16ന് രാമപുരത്ത് വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാള്‍ ദിനത്തില്‍ ബിഷപ് ആഹ്വാനം ചെയ്ത കര്‍മപദ്ധതിയാണ് കൈത്താങ്ങ്. മാര്‍ സ്ലീവാ മെഡിസിറ്റിയുമായി സഹകരിച്ചായിരുന്നു പദ്ധതിയുടെ ഒന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
രണ്ടാം ഘട്ടമായി മുട്ടുചിറ ഹോളി ഗോസ്റ്റ് മിഷന് ഹോസ്പിറ്റലുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. രൂപതയിലെ ദളിത് കത്തോലിക്ക സമുദായാംഗങ്ങള്‍ക്ക് പദ്ധതിയിലൂടെ രൂപതയുടെ കീഴിലുള്ള വിവിധ ആശുപത്രികളില്‍ പ്രത്യേക ചികിത്സാ ആനുകൂല്യങ്ങള്‍ ലഭ്യമാകും. രൂപതയിലെ മുഴുവന്‍ ദളിത് കുടുംബങ്ങള്‍ക്കും പദ്ധതിയുടെ ആനുകൂല്യം ലഭ്യമാകത്തക്ക വിധത്തിലുള്ള ക്രമീകരണങ്ങളാണ് മൂന്നാം ഘട്ടത്തിലൂടെ നടന്നുവരുന്നത്.
മുട്ടുചിറ ഫൊറോന പ്രസിഡന്റ് മേഴ്സി സെബാസ്റ്റ്യന്റെ നേതൃത്വത്തില്‍ ഫൊറോനയ്ക്ക് കീഴിലുള്ള ജയ്ഗിരി, കാഞ്ഞിരത്താനം, മുട്ടുചിറ, മലപ്പുറം യൂണിറ്റ് പ്രസിഡന്റുമാരും മറ്റു ഭാരവാഹികളും ചേര്‍ന്ന് കൈത്താങ്ങ് പ്രിവിലേജ് കാര്‍ഡ് ഏറ്റുവാങ്ങി.
ദളിത് ക്രൈസ്തവരുടെ ക്ഷേമത്തിനായി ആവിഷ്കരിച്ച ഈ പദ്ധതി രൂപതയിലെ മറ്റ് ആശുപത്രികളും എത്രയും വേഗം ഏറ്റെടുക്കണമെന്നും രൂപതയുടെ വിവിധ ഭാഗങ്ങളിലുള്ള ഡിസിഎംഎസ് അംഗങ്ങള്‍ക്ക് ഇതു കൂടുതല്‍ പ്രയോജനകരമാകണമെന്നും ഭാവിയില്‍ കൂടുതല്‍ ക്ഷേമപദ്ധതികള്‍ ആവിഷ്കരിക്കണമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.\
രൂപത വികാരി ജനറല്‍ മോണ്‍. ജോസഫ് കണിയോടിക്കല്‍, രൂപത ഡിസിഎംഎസ് കോ-ഓര്‍ഡിനേറ്റര്‍ ഫാ. ജോസഫ് മുകളെപ്പറമ്പില്, ഡിസിഎംഎസ് ഡയറക്ടര്‍ ഫാ. തോമസ് കിഴക്കേകൊല്ലിത്താനത്ത്, ഹോളി ഗോസ്റ്റ് മിഷന് ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഫാ. ഏബ്രഹാം പാലയ്ക്കത്തടത്തില്‍, ആശുപത്രി പിആര്‍ഒ ജോഷി ആദപ്പള്ളില്‍, നഴ്സിംഗ് സൂപ്രണ്ട് സിസ്റ്റര്‍ ആന്‍സി, സിസ്റ്റര്‍ ലിന്‍സ മരിയ, എസ്എംവൈഎം സംസ്ഥാന ഡയറക്ടര്‍ ഫാ. മാണി കൊഴുപ്പന്‍കുറ്റി, പാലാ രൂപത ദീപിക ഫ്രണ്ട്സ് ക്ലബ് കോ-ഓർഡിനേറ്റര്‍ ഫാ. ജോര്‍ജ് നെല്ലിക്കുന്നുചെരിവുപുരയിടം, ഡിസിഎംഎസ് രൂപത സെക്രട്ടറി ബിന്ദു ആന്റണി എന്നിവര്‍ പങ്കെടുത്തു.
Tags : Pala Diocese rivilege Card NattuVishesham DistrictNews