ഒറ്റമശേരിയിൽ കത്തിയമർന്ന വള്ളത്തിനു സമീപം മത്സ്യത്തൊഴിലാളികൾ.
ചേർത്തല: കടക്കരപ്പള്ളി ഒറ്റമശേരി തീരത്തിനു സമീപം വീട്ടുവളപ്പിൽ സൂക്ഷിച്ചിരുന്ന വള്ളങ്ങളും വലിയും കത്തിച്ചനിലയിൽ. രണ്ടു പൊന്തുവള്ളങ്ങളും ഏഴു സെറ്റ് വലകളുമാണ് തീയിട്ടുനശിപ്പിച്ചത്. ഞായറാഴ്ച പുലർച്ചെയാണ് തീയിട്ടതെന്നാണ് കണക്കാക്കുന്നത്.
തീയാളുന്നതു കണ്ടുണർന്ന വീട്ടുകാരാണ് വെള്ളം പമ്പ് ചെയ്ത് തീയണച്ചത്. കടക്കരപ്പള്ളി ഒന്നാം വാർഡ് കുരിശിങ്കൽ സ്റ്റാൻലിന്റെ ഉടമസ്ഥതയിലുള്ളതാണ് വള്ളങ്ങൾ.
തീരത്തിനു സമീപമുള്ള വീട്ടുവളപ്പിലാണ് വള്ളങ്ങൾ സൂക്ഷിച്ചിരുന്നത്. കത്തിയ വള്ളങ്ങൾക്കു സമീപത്തുനിന്നും ഒഴിഞ്ഞ മണ്ണണ്ണക്കുപ്പി കണ്ടെടുത്തിട്ടുണ്ട്. പട്ടണക്കാട് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഏകദേശം രണ്ടുലക്ഷത്തിന്റെ നാശനഷ്ടം കണക്കാക്കുന്നു.