സിബിഎസ്ഇ ക്ലസ്റ്റർ 11 കേരള സംസ്ഥാന ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി നാഷണൽ ചാമ്പ്യൻഷിപ്പിന് അർഹത നേടിയ ജ്യോതി നികേതൻ ബാസ്ക്കറ്റ്ബോൾ ടീം
ആലപ്പുഴ: പുന്നപ്ര ജ്യോതി നികേതൻ ഇംഗ്ലീഷ് മീഡിയം സ്കൂളിന് അഭിമാനനേട്ടം.
സിബിഎസ്ഇ ക്ലസ്റ്റർ 11 കേരള സംസ്ഥാന ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ വിവിധ വിഭാഗങ്ങളിലായി മത്സരിച്ച ജ്യോതി നികേതന്റെ ടീമുകൾ മികച്ച പ്രകടനം കാഴ്ചവച്ചു. അണ്ടർ 19 പെൺകുട്ടികളുടെ വിഭാഗത്തിലും അണ്ടർ 14 ആൺകുട്ടികളുടെ വിഭാഗത്തിലും ജ്യോതി നികേതൻ ടീമുകൾ ദേശീയ ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടി. അണ്ടർ 17 ആൺകുട്ടികളുടെ ടീമും അണ്ടർ 14 പെൺകുട്ടികളുടെ ടീമും ഒന്നാം റണ്ണറപ്പായി. സംസ്ഥാനതല മത്സരത്തിൽ നാല് വിഭാഗങ്ങളിലായി ടീമുകളെ അണിനിരത്തി ശ്രദ്ധേയമായ നേട്ടം കൈവരിക്കാനായതിന്റെ അഭിമാനത്തിലാണ് സ്കൂൾ അധികൃതരും അധ്യാപകരും വിദ്യാർഥികളും.
ബാസ്കറ്റ്ബോളിനൊപ്പം ഷൂട്ടിംഗിലും ജ്യോതി നികേതൻ മികച്ച നേട്ടം കൈവരിച്ചു. ഈ വർഷത്തെ സംസ്ഥാന ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിലേക്ക് സ്കൂളിലെ ഒൻപത് വിദ്യാർഥികൾ യോഗ്യത നേടി. കൂടുതൽ കായിക ഇനങ്ങളിലേക്ക് വിദ്യാർഥികളെ എത്തിക്കുന്നതിന്റെ ഭാഗമായി ടേബിൾ ടെന്നിസിനും അമ്പെയ്ത്തിനും ജ്യോതി നികേതൻ കാമ്പസിൽ പരിശീലനം നൽകുന്നുണ്ട്.
സ്കൂൾ കായിക അക്കാദമിയുടെ നേതൃത്വത്തിൽ പരിശീലനം നടത്തുന്ന ബാഡ്മിന്റൺ താരങ്ങളും ദേശീയ തലത്തിൽ നാലാം റാങ്ക് നേടിക്കൊണ്ട് തങ്ങളുടെ മികവ് തെളിയിച്ചു.
ഫുട്ബോളിലും പുതിയ നേട്ടങ്ങൾ ലക്ഷ്യമിട്ട് പരിശീലനം ശക്തമാക്കിയിട്ടുണ്ട്. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഫുട്ബോൾ ടീമുകളെ സംസ്ഥാനതല ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുപ്പിക്കുന്നതിനായി ചിട്ടയായ പരിശീലനമാണ് സ്കൂൾ കാമ്പസിൽ നടക്കുന്നത്.
ബാസ്കറ്റ്ബോളിൽ ദേശീയതല സാന്നിധ്യവും ജ്യോതി നികേതന്റെ ശ്രദ്ധേയമായ നേട്ടങ്ങളിലൊന്നാണ്. ഇത് നാലാം തവണയാണ് ഒരേ സമയം ദേശീയതലത്തിൽ രണ്ട് ടീമുകളെ ഒരുമിച്ച് പങ്കെടുപ്പിക്കുന്നത്. ആൺകുട്ടികളുടെ വിഭാഗത്തിൽ ഇത് മൂന്നാം തവണയും പെൺകുട്ടികളുടെ വിഭാഗത്തിൽ തുടർച്ചയായ ഒൻപതാം തവണയുമാണ് ജ്യോതി നികേതൻ ദേശീയതല മത്സരത്തിൽ പങ്കെടുക്കുന്നത്.
ഈ വർഷം ആദ്യം ഷാർജയിൽ നടന്ന അന്താരാഷ്ട്ര ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ടീമിന്റെ ഭാഗമായി ജ്യോതി നികേതൻ സ്കൂളിലെ സുഭദ്ര ജയകുമാറും ഗംഗ രാജഗോപാലും പങ്കെടുത്തതും സ്കൂളിന്റെ കായികചരിത്രത്തിലെ മറ്റൊരു അഭിമാനനേട്ടമായി.
Tags : Nattuvishesham DistrictNews