ഞീഴൂര്‍: തദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക ഇടപാടുകള്‍ കൂടുതല്‍ സുതാര്യവും വേഗതയേറിയതും കാര്യക്ഷമവുമാക്കുന്നതിന്റെ ഭാഗമായി കോട്ടയം ജില്ലയില്‍ ആദ്യമായി കെ-സ്മാര്‍ട്ട് ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ (കെഇഎഫ്ടി) മോഡ് നടപ്പാക്കി ഞീഴൂര്‍ പഞ്ചായത്ത്.
പഞ്ചായത്തിന്റെ വിവിധ സാമ്പത്തിക ഇടപാടുകള്‍, ഫണ്ട് കൈമാറ്റം, ബില്ലുകളുടെ നടപടിക്രമങ്ങള്‍, പേയ്മെന്റ് സംവിധാനങ്ങള്‍ തുടങ്ങിയവ കൂടുതല്‍ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിനാണ് കെ-സ്മാര്‍ട്ട് സംവിധാനത്തിലെ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ മോഡ് പ്രയോജനപ്പെടുത്തുന്നത്.
പരമ്പരാഗത രീതികളിലെ കാലതാമസം കുറച്ച് ഫണ്ട് കൈമാറ്റവും പേയ്മെന്റ് നടപടികളും കൂടുതല്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ പുതിയ സംവിധാനം സഹായിക്കും.
കെഇഎഫ്ടി നടപ്പാക്കിയതിലൂടെ പേയ്മെന്റിനായി ബാങ്കില്‍ ചെക്കെഴുതി നല്കി കാത്തിരിക്കണ്ടെന്ന നേട്ടമുണ്ട്. പേയ്മെന്റ് അപ്രൂവ് ചെയ്താല്‍ ഉടന്‍ ഗുണഭോക്താവിന്റെ അക്കൗണ്ടില്‍ പണം നേരിട്ടെത്തും.
കെ-സ്മാര്‍ട്ട് പ്ലാറ്റ് ഫോമുമായി സംയോജിപ്പിച്ചുള്ള ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ സംവിധാനം നടപ്പാക്കുന്നതിലൂടെ സാമ്പത്തിക ഇടപാടുകളില്‍ സുതാര്യത, കൃത്യത, ഉത്തരവാദിത്വം, സമയബന്ധിതത്വം എന്നിവ ഉറപ്പാക്കാന്‍ സാധിക്കും. ഇടപാടുകളുടെ ഡിജിറ്റല്‍ രേഖകള്‍ ലഭ്യമാകുന്നതിനാല്‍ സാമ്പത്തിക ഇടപാടുകള്‍ നിരീക്ഷിക്കുന്നതിനും ഓഡിറ്റ് നടപടികള്‍ കൂടുതല്‍ സുഗമമാക്കുന്നതിനും ഇതിലൂടെ സാധിക്കും.
കോട്ടയം ജില്ലയില്‍ ഈ സംവിധാനം ആദ്യമായി നടപ്പാക്കിയ പഞ്ചായത്ത് എന്ന നേട്ടം ഞീഴൂര്‍ പഞ്ചായത്തിന്റെ ഡിജിറ്റല്‍ ഭരണരംഗത്തെ പ്രവര്‍ത്തനമികവായി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ പേപ്പര്‍ലെസ്, സുതാര്യവും ജനസൗഹൃദവുമാക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള തുടക്കമായിട്ടാണ് ഈ സംവിധാനത്തിന്റെ പ്രവര്‍ത്തനം വിലയിരുത്തുന്നത്.
വൈസ് പ്രസിഡന്റും ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷയുമായ ശ്രീലേഖ മണിലാല്‍, സെക്രട്ടറി പ്രതീഷ്മോന്‍ ജോയി, അക്കൗണ്ടന്റ് ജോഷി ജോര്‍ജ്, ഐകെഎം ജില്ലാ ടെക്നിക്കല്‍ ഓഫീസര്‍ എന്നിവരുടെ നേതൃത്വത്തിലും ഏകോപനത്തിലുമാണ് പദ്ധതി നടപ്പാക്കിയത്.
കെ-സ്മാര്‍ട്ട് സംവിധാനത്തിന്റെ സാധ്യതകള പരമാവധി പ്രയോജനപ്പെടുത്തി പഞ്ചായത്തിന്റെ ഭരണ-സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുള്ള നടപടികള്‍ തുടരുമെന്ന് പ്രസിഡന്റ് ചെറിയാന് കെ. ജോസ് അറിയിച്ചു.