ഇന്നു നാടിന് സമര്പ്പിക്കുന്ന നെല്ലിയാനി സിവില് സ്റ്റേഷന് അനക്സ് കെട്ടിടം.
പാലാ: എട്ടു വര്ഷത്തെ കാത്തിരിപ്പിനുശേഷം നാടിന് ഇന്നു സമര്പ്പിക്കുന്ന പാലാ നെല്ലിയാനിയിലുള്ള മിനി സിവില് സ്റ്റേഷന് അനക്സ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന്റെ മുന്നോടിയായുള്ള നടപടികള് വിലയിരുത്തുന്നതിന് ജില്ലാ കളക്ടര് ചേതന് കുമാര് മീണ അനക്സ് മന്ദിരത്തിലെത്തി പരിശോധിച്ച് റവന്യു അധികൃതരുമായി ചര്ച്ച നടത്തി. മീനച്ചില് തഹസില്ദാര് സജിമോന് മാത്യു, ഹെഡ്ക്വാര്ട്ടേഴ്സ് ഡെപ്യൂട്ടി തഹസില്ദാര് മനോജ് മൈക്കിള് എന്നിവരും ജില്ലാ കളക്ടറോടൊപ്പമുണ്ടായിരുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്പ് ഇവിടം സന്ദര്ശിച്ച് ഓഫിസുകളുടെ മാറ്റത്തിന് നിര്ദേശം നല്കിയിരുന്നുവെങ്കിലും നടപ്പായിരുന്നില്ല. ആദ്യഘട്ടത്തില് ഏതാനും ഓഫിസുകള് ഇവിടെ എത്തിക്കുക എന്നതാണ് പ്രാഥമിക ലക്ഷ്യമെന്ന് കളക്ടര് പറഞ്ഞു. മന്ദിരത്തില് അടുത്ത ഘട്ടത്തില് ഓഫിസുകളില് എത്തുന്നവര്ക്കായി ഇരിപ്പിട സൗകര്യം, പൊതുശൗചാലയം, ജീവനക്കാര്ക്കും ഓഫിസിലെത്തുന്നവര്ക്കും സര്ക്കാര് വാഹനങ്ങള്ക്കുമായി വാഹനപാര്ക്കിംഗ് ഷെഡ് എന്നിവയും താമസംവിനാ സജ്ജീകരിക്കുമെന്ന് ജില്ലാ കളക്ടര് ചേതന് കുമാര് മീണ പ്രദേശവാസികളുടെ നിവേദനത്തിനുള്ള മറുപടിയില് അറിയിച്ചു.
ട്രാന്സ്പോര്ട്ട് ഓഫിസും വ്യവസായകേന്ദ്രവും നാളെ മുതല് നെല്ലിയാനിയില്
നാളെ നാടിന് സമര്പ്പിക്കുന്ന നെല്ലിയാനി സിവില് സ്റ്റേഷന് അനക്സ് മന്ദിരത്തില് പാലാ സബ് റീജൺ ട്രാന്സ്പോര്ട്ട് ഓഫിസ് വിഭാഗവും താലൂക്ക് വ്യവസായ കേന്ദ്ര ഓഫിസുമാണ് ആദ്യഘട്ടത്തില് പ്രവര്ത്തിച്ചുതുടങ്ങുക.
എക്സൈസ് വിഭാഗത്തിന് സ്ഥലം നിര്ദേശിച്ചിരുന്നുവെങ്കിലും കൂടുതല് സ്ഥലം ആവശ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടിയിരിക്കുന്നതിനാല് ആ വിഭാഗം ഉടന് ഇവിടേക്ക് വരില്ല. റവന്യു വിഭാഗത്തില് ഇലക്ഷന് വിഭാഗത്തിനും ഇവിടെ സ്ഥലം നിശ്ചയിച്ച് നല്കിയിട്ടുണ്ട്.