ആടിനെ അജ്ഞാതജീവി പിടികൂടിയ സ്ഥലത്ത് വനപാലകർ ട്രാപ്പ് കാമറ സ്ഥാപിക്കുന്നു.
എടക്കര: മൂത്തേടത്തിന് പിന്നാലെ പോത്തുകൽ കവളപ്പാറയിലും പുലി ഭീതി. കവളപ്പാറ നഗറിലെ ഇളമുടിയിൽ വിഷ്ണുവിന്റെ ആടിനെയാണ് അജ്ഞാത ജീവി ആക്രമിച്ച് കൊന്നത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. പുലർച്ചെ മൂന്ന് മണിയോടെയാണ് അജ്ഞാത ജീവി ആടിനെ പിടികൂടിയത്. വിവരമറിഞ്ഞ ഉടൻ കാഞ്ഞിരപ്പുഴ വനം സ്റ്റേഷനിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. തുടർന്ന് മൂന്ന് ദിവസമായി വനപാലകർ ഈ ഭാഗത്ത് നിരീക്ഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. ഇന്നലെ അജ്ഞാതജീവിയെ കണ്ടെത്താൻ പ്രദേശത്ത് വനംവകുപ്പ് ട്രാപ്പ് കാമറ സ്ഥാപിച്ചു.
നിലന്പൂരിൽനിന്നുള്ള ആർആർടി സംഘമാണ് കാമറ സ്ഥാപിച്ചത്. കവളപ്പാറയിൽ ആടിനെ പിടികൂടിയത് പുലിയാണെന്ന കാര്യത്തിൽ വ്യക്തതയില്ലെന്ന് നിലന്പൂർ റേഞ്ച് ഓഫിസർ കെ.പി. ജിനേഷ് പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ മൂത്തേടത്ത് വളർത്തുനായകളെ പുലി കൊന്നുതിന്ന സംഭവങ്ങളെത്തുടർന്ന് പ്രദേശത്ത് സ്ഥാപിച്ച ട്രാപ്പ് കാമറകളിൽ ഇതുവരെ പുലിയുടെ സാന്നിധ്യം കണ്ടെത്താനുമായിട്ടില്ല.
Tags : leopard NattuVishesham DistrictNews