സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞനിലയിൽ.
ചേർത്തല: ദേശീയപാതയിൽ സ്വകാര്യ ട്രാവലിംഗ് കമ്പനിയുടെ സ്ലീപ്പർ ബസ് നിയന്ത്രണം വിട്ട് രണ്ടടിതാഴ്ചയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. 13 ഓളം പേർക്ക് പരിക്കേറ്റു. പന്തളം മാന്തുക എമിനൻസ് വില്ലേജ് നുമി മൻസിലിൽ സജീവിന്റെ മകൻ ആദിൽ സജീവ് (25) ആണ് മരിച്ചത്.
ഡിജിറ്റൽ മാർക്കറ്റിംഗ് മേഖലയിൽ ജോലി ചെയ്യുന്ന ആദിൽ കണ്ണൂരിൽ പോയി മടങ്ങി വരുകയായിരുന്നു. ഇന്നലെ പുലർച്ചെ അഞ്ചോടെയായിരുന്നു അപകടം. മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ഹരീരാം മോട്ടോര് ട്രാന്സ്പോര്ട്ടിന്റെ പ്ലാറ്റിനം ക്ലാസ് എസി സ്ലീപ്പര് ബസാണ് അപടത്തില്പെട്ടത്.
ബസില് 15 ഓളം യാത്രക്കാരുള്ളതായാണ് വിവരം. മാരാരിക്കുളം കളിത്തട്ടിനുസമീപമെത്തിയ ബസ് ദേശീയപാതയിൽ നിന്ന് സർവീസ് റോഡിലേക്ക് മറിയുകയായിരുന്നു. ദേശീയപാതയും സർവീസ് റോഡും തമ്മിൽ രണ്ടടിയോളം ഉയരവ്യത്യാസമുള്ളഭാഗത്താണ് അപകടം ഉണ്ടായത്. ക്രെയിൻ ഉപയോഗിച്ച് ബസ് ഉയർത്തിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഇടിയുടെ ആഘാതത്തിൽ ബസ് പൂർണമായും ഒരു വശത്തേക്ക് മറിയുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരും മാരാരിക്കുളം പൊലിസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരുക്കേറ്റവരെ ആലപ്പുഴ ജനറൽ ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലുമായി പ്രവേശിപ്പിച്ചു. ആദിലിൻന്റെ മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. മാരാരിക്കുളം പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Tags : Accident NattuVishesham DistrictNews