മലയോര ഹൈവേ അതിർത്തി നിർണയ സർവെ.
ചക്കിട്ടപാറ: പാതയുടെ വീതി അളവ് നിർണയത്തിന്റെ പേരിൽ ഒരു വർഷം മുമ്പ് തടസപ്പെട്ട ചക്കിട്ടപാറ ടൗണിലെ മലയോര ഹൈവേ പ്രവൃത്തി പൂർത്തീകരണം വൈകും. പ്രശ്നം പരിഹരിക്കാനായി കൊയിലാണ്ടി തഹസിൽദാരുടെ നിർദേശ പ്രകാരം ഇന്നലെ ചക്കിട്ടപാറ ടൗണിൽ നടന്ന സർവെയിൽ പരാതിക്കാർ അതൃപ്തി രേഖപ്പെടുത്തി.
പരാതിക്കാരായ കെട്ടിട ഉടമകൾക്ക് മുൻകൂർ നോട്ടീസ് നൽകി താലൂക്ക് സർവെയറുടെ നേതൃത്വത്തിലാണ് അളവ് നടന്നത്. മലയോര ഹൈവേ കാസർകോട് മുതൽ തിരുവനന്തപുരം വരെ 12 മീറ്റർ വീതിയിലാണ് നിർമിക്കുന്നത്. ഇതിൽ ചക്കിട്ടപാറ പഞ്ചായത്തിൽ 5.5 കിലോമീറ്ററാണ് ഹൈവേ. ചക്കിട്ടപാറ, ചെമ്പ്ര ടൗണുകളിലായി മൊത്തം 360 മീറ്റർ ഭാഗത്താണ് വീതി തർക്കമുള്ളത്. ഇതിൽ ചക്കിട്ടപാറ ടൗൺ ഭാഗത്തെ 200 മീറ്ററിൽ താഴെ വരുന്ന ഭാഗമാണ് ഇന്നലെ അളന്നത്. ഭാഗികമായി സർവെ കഴിഞ്ഞപ്പോൾ ടൗണിൽ ജംഗ്ഷൻ ഒഴിച്ചുള്ള ഭാഗത്ത് 7.80 മുതൽ 10 മീറ്റർ വരയെ വീതിയുള്ളുവെന്ന് കണ്ടെത്തിയതായി പരാതിക്കാരെ അറിയിച്ചു. നാൽക്കവലയിൽ 14 മീറ്റർ വീതി വേണ്ടിടത്ത് 12.80 മീറ്റർ വരയെ വീതി കണ്ടെത്താൻ കഴിഞ്ഞിട്ടുള്ളുയെന്നും അവർ പറഞ്ഞു. ഏറ്റവും വലിയ തർക്കമുള്ള ചക്കിട്ടപാറ സ്കൂൾ പടിയിൽ എതിർ വശത്തെ സർവെ കല്ലിൽ നിന്ന് അളവ് നിർണയിച്ചപ്പോഴാണ് 7.80 മീറ്റർ വീതി കണ്ടത്. ഓട്ടോ റിക്ഷ പാർക്കിംഗ് സ്ഥലത്താണ് സർവെയർ ഇന്നലെ അതിര് മാർക്ക് ചെയ്തത്. ഇവിടെ നിന്ന് നാല് മീറ്റർ നാട്ടുകാർ തന്നെ വീതി നിർണയിച്ച് ടേപ്പ് പിടിച്ച് അളന്നപ്പോൾ യഥാർഥ 12 മീറ്റർ വീതി ഇന്നലെ കണ്ടെത്തി. മലയോര ഹൈവേ നിർമിക്കാൻ ആദ്യം റോഡിന്റെ വീതി നിർണയിച്ച സർക്കാർ സർവെയർ അളന്ന് നിർണയിച്ച വീതി തന്നെയായിരുന്നുയിത്. സ്വകാര്യ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ പുറം ഭിത്തിയിൽ സർവെയർ അന്നിത് മാർക്ക് ചെയ്തത് ഇന്നും കാണാം. പിന്നീട് നടന്ന അളവുകളിലാണ് വ്യത്യാസങ്ങൾ വരാൻ തുടങ്ങിയത്. ഇതിനു പിന്നിൽ ഗൂഢാലോചന നടന്നതായി നാട്ടുകാർ ആരോപിച്ചു.
പഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾ, റവന്യു, പൊലിസ് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തുണ്ടായിരുന്നു.
Tags : Hill Highway NattuVishesham DistrictNews