ഗാന്ധിനഗർ നിവാസികൾക്ക് ഭൂമിയുടെ ഉടമസ്ഥാവകാശംനൽകുന്ന ചടങ്ങ് സനീഷ്കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനംചെയ്യുന്നു.
ചാലക്കുടി: ട്രാംവെ റോഡ് പുറംമ്പോക്കിൽനിന്നു മാറ്റിതാമസിപ്പിച്ച 19 കുടുംബങ്ങൾ പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനുശേഷം താമസഭൂമിയുടെ ഉടമസ്ഥരായി.
1983ൽ ട്രാംവെ റോഡ് പുറമ്പോക്കിൽനിന്നാണ് 52 കുടുംബങ്ങളെ കൂടപ്പുഴയിൽ മാറ്റിതാമസിപ്പിച്ച് ഗാന്ധിനഗർ എന്ന് ഈ ഉന്നതിക്ക് പേരിട്ടത്. നഗരസഭ സെക്രട്ടറിയുടെ പേരിലാണ് ഈ ഭൂമി വാങ്ങിയത്. ഇവരുടെ പേരിലേക്ക് ഭൂമിയുടെ ഉടമസ്ഥാവകാശം നൽകാൻ മുൻ കാലഘട്ടങ്ങളിൽ ശ്രമം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി 33 കുടുംബങ്ങൾക്ക് 2010ൽ ഉടമസ്ഥാവകാശം ലഭിച്ചിരുന്നു. ആദ്യഘട്ടത്തിൽ പുനരധിവസിപ്പിച്ചവരല്ല, ഇവരുടെ അവകാശികളോ കൈമാറ്റം ചെയ്തവരോവാണ് ബാക്കി 19 കുടുംബങ്ങൾ എന്ന കാരണത്താലാണ് അന്ന് ഇവർക്ക് സർക്കാരിൽനിന്നു അനുമതി ലഭിക്കാതിരുന്നത്.
16 വർഷങ്ങൾ പിന്നിട്ടശേഷമാണ് നിയമപരമായ തടസങ്ങളല്ലാം മാറ്റി ഉടമസ്ഥരേഖ അനുവദിച്ചത്. ഉടമസ്ഥരേഖ കൈമാറ്റത്തിന് അനുവാദം നൽകണമെന്ന നഗരസഭ കൗൺസിലിന്റെ ആവശ്യം പരിഗണിച്ചും സനീഷ്കുമാർ ജോസഫ് എംഎൽഎ യുടെ ഇടപെടലുമാണ് സർക്കാർ അനുമതി ലഭിക്കാൻ വഴിയൊരുക്കിയത്.
ഉടമസ്ഥാവകാശം കൈമാറുന്നതിന് ഓരോ കുടുംബവും രജിസ്ട്രേഷൻ ഫീസായി ഒരുലക്ഷം രൂപയിലധികം ചെലവഴിക്കേണ്ടിവരുമെന്നത് ഇവർക്ക് മറ്റൊരു പ്രയാസമായി.ഇക്കാര്യത്തിൽ എംഎൽഎയുടെയും നഗരസഭ കൗൺസിലിന്റെയും അഭ്യർഥന മാനിച്ച് രജിസ്ട്രേഷൻ ഫീസും സർക്കാർ ഉത്തരവിലൂടെ ഒഴിവാക്കിനൽകി.
ഉടമസ്ഥാവകാശംനൽകുന്ന ചടങ്ങ് സനീഷ് കുമാർ ജോസഫ് എംഎൽ എ ഉദ്ഘാടനംചെയ്തു. ചെയർപേഴ്സൺ ആലീസ് ഷിബു അധ്യക്ഷയായി. വൈസ് ചെയർമാൻ കെ.വി. പോൾ, സ്ഥിരംസമിതി അധ്യക്ഷരായ ഒ.എസ്. ചന്ദ്രൻ, ആനി പോൾ, ഷീഫ സന്തോഷ്, ജിയോ കിഴക്കുംതല, ലിജി ജോജി, യുഡിഎഫ് ലീഡർ ഷിബു വാലപ്പൻ, വി.ഒ. പൈലപ്പൻ, വിൽസൻ പാണാട്ട് പറമ്പിൽ, വാർഡ് വികസനസമിതി കൺവിനർ ടി.പി. ബാബു പ്രസംഗിച്ചു.
Tags : ownership rights NattuVishesham DistrictNews