യോഗത്തിൽ പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ജോയി പ്രസംഗിക്കുന്നു.
ചെറുപുഴ: പെരിങ്ങോം ഗവ. താലൂക്ക് ആശുപത്രിയിൽ കിടത്തി ചികിത്സ പുനരാരംഭിച്ചു. ഇതു സംബന്ധിച്ച യോഗത്തിൽ പെരിങ്ങോം-വയക്കര പഞ്ചായത്ത് പ്രസിഡന്റ് കെ. ലളിത അധ്യക്ഷത വഹിച്ചു. പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ജോയി, പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി. പ്രീത, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിജയൻ അടുക്കാടൻ, പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ. മോഹനൻ, ഡോ. അരുൺ അഭിലാഷ്, കെ.പി. ആദർശ് എന്നിവർ പ്രസംഗിച്ചു.
ജനപ്രതിനിധികളും ആശുപത്രി ജീവനക്കാരും നാട്ടുകാരും ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. നിലവിൽ എല്ലാ ദിവസവും ഒപി വിഭാഗങ്ങളുടെ സേവനം രാവിലെ എട്ടുമുതൽ വൈകുന്നേരം ആറുവരെ ലഭ്യമാണ്. ഐപി വിഭാഗത്തിൽ ഒന്നാം ഘട്ടമായി 13 കിടക്കകളാണു സജ്ജീകരിച്ചത്. കിടത്തി ചികിത്സ ഉടൻ തന്നെ ആധുനിക സൗകര്യങ്ങളോടെ പൂർത്തിയായ പുതിയ കെട്ടിടത്തിലേക്കു മാറും. ഫയർ ആൻഡ് റെസ്ക്യൂ വിഭാഗത്തിൽ 50 ലക്ഷം രൂപ വിനിയോഗിച്ച് നിർമാണ പ്രവൃത്തികൾ അന്തിമ ഘട്ടത്തിലാണ്. ആവശ്യമായ ജീവനക്കാരെ നിയമിച്ചുവരുന്നു.
ചെറുപുഴ, എരമം-കുറ്റൂർ, പെരിങ്ങോം-വയക്കര, കാങ്കോൽ-ആലപ്പടമ്പ് എന്നീ പഞ്ചായത്തുകളിലെയും കാസർഗോഡ് ജില്ലയുടെ ഭാഗമായുള്ള ചിറ്റാരിക്കാൽ, ചീമേനി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നിന്നുമുള്ളവർക്കും മികച്ച ചികിത്സ ലഭ്യമാക്കത്തക്ക രീതിയിലാണു ക്രമീകരണം. സൂപ്രണ്ട് ചാർജ് വഹിക്കുന്ന സിവിൽ സർജൻ ഉൾപ്പെടെ 13 ഡോക്ടർമാരുടെ തസ്തിക നിലവിലുണ്ട്. പീഡിയാട്രിക്സ്, ജനറൽ മെഡിസിൻ, സ്പെഷാലിറ്റി ഡോക്ടർമാരുടെ സേവനം പൂർണതോതിൽ ലഭ്യമാണ്. ഡന്റൽ വിഭാഗവും, ലാബ്, ഫാർമസി, ഇസിജി സൗകര്യങ്ങളും ലഭ്യമാണ്. ജനങ്ങളുടെ ആഗ്രഹത്തിനനുസരിച്ച് പെരിങ്ങോം ഗവ. താലൂക്ക് ആശുപത്രിയുടെ സേവനം മെച്ചപ്പെടുത്തുന്നതിനാണ് പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെ പ്രഥമ പരിഗണനയെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ജോയ് പറഞ്ഞു.