പ്രതീകാത്മക ചിത്രം
തൃശൂർ: കോർപറേഷൻ പരിധിയിലെ ജീർണാവസ്ഥയിലുള്ള നാലു കെട്ടിടങ്ങൾ പൂർണമായും പൊളിച്ചെന്നും വാട്ടർ അഥോറിട്ടി ക്വാർട്ടേഴ്സ് ഉൾപ്പെടെ അഞ്ചു കെട്ടിടങ്ങളുടെ പൊളിക്കൽ പുരോഗമിക്കുന്നെന്നും കോർപറേഷൻ സെക്രട്ടറിയുടെ റിപ്പോർട്ട്.
കാലപ്പഴക്കം ചെന്ന കെട്ടിടങ്ങൾ പൊളിക്കുന്നതു സംബന്ധിച്ചു തൽസ്ഥിതി വ്യക്തമാക്കണമെന്ന മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിനെത്തുടർന്നാണു കെട്ടിടങ്ങളുടെ വിവരങ്ങൾ പുറത്തുവിട്ടത്. തുലാവർഷമെത്തിയതോടെയാണു കെട്ടിടങ്ങൾ സംബന്ധിച്ച ആശങ്ക വീണ്ടും ഉയരുന്നത്.
കോർപറേഷൻ എൻജിനിയറിംഗ് വിഭാഗം തൃശൂർ പൂരത്തോ ടനുബന്ധിച്ചു നടത്തിയ പരിശോധനയിൽ 271 കെട്ടിടങ്ങൾ അപകടാവസ്ഥയിലാണെന്നു കണ്ടെത്തിയിരുന്നു. എന്നാൽ, നഗരപരിധിയിലെ കെട്ടിടങ്ങൾ ആറു സെക്ടറുകളാക്കി തിരിച്ചു നടത്തിയ പരിശോധനയിൽ ഇതു 157 എണ്ണമായി ചുരുങ്ങി. ഇതിൽ കാറ്റഗറി ഒന്നിൽപെടുന്ന, ഏറ്റവും ജീർണാവസ്ഥയിലുള്ള 15 കെട്ടിടങ്ങളുടെ പട്ടികയാണു സമർപ്പിച്ചത്.
14 കെട്ടിടങ്ങൾ അപകടാവസ്ഥയിലാണെങ്കിലും അറ്റകുറ്റപ്പണികൾ നടത്തി സ്റ്റെബിലിറ്റി സർട്ടിഫിക്കറ്റ് നൽകിയാൽ പൊളിക്കുന്നത് ഒഴിവാക്കാമെന്നും 128 കെട്ടിടങ്ങൾ മെയിന്റനൻസ് ചെയ്തു നിലനിർത്തേണ്ട കാറ്റഗറി മൂന്നിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നു റിപ്പോർട്ടിൽ പറയുന്നു.
അപകടാവസ്ഥയിലുള്ളവ
കാറ്റഗറി ഒന്നിൽ മനോരമ സർക്കിൾ ഭാഗത്ത് ഒന്നുമുതൽ അഞ്ചുവരെയുള്ള കെട്ടിടങ്ങൾ പൊളിക്കുന്നതിൽ കോടതി സ്റ്റേയുണ്ട്. ഓൾഡ് ഉടുപ്പി ഹോട്ടൽ, മോത്തിമഹൽ റസ്റ്ററന്റിനു സമീപമുള്ള പഴയ റസിഡൻഷ്യൽ കെട്ടിടം, ട്വിൻ ബിൽഡിംഗ് (35/135, 1358), കള്ളിയത്ത് ബിൽഡിംഗ് എന്നിങ്ങനെ നാലു കെട്ടിടങ്ങൾ പൊളിച്ചു. മാരാർ റോഡിലുള്ള വിസിറ്റേഴ്സ് ബിൽഡിംഗിനും മാക്സ് മൊബൈൽ ഷോപ്പിനും ഇടയിലുള്ള കെട്ടിടത്തിനു രേഖകളില്ല. ഉടമകളെ കണ്ടെത്തി പൊളിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു.
ഓൾഡ് ഫുഡ് സേഫ്റ്റി ബിൽഡിംഗ്, രാംദാസ് തിയേറ്ററിനു സമീപമുള്ള കെട്ടിടം, ഷൊർണൂർ റോഡിൽ ഡോ. ബോബൻ മാണി എന്നയാളുടെ പേരിലുള്ള കെട്ടിടം, കെ.വി. മുഹമ്മദ് ഹാജി- 10/866, വിജയ ട്രേഡിംഗ് കന്പനി, ഗവ. ജനറൽ ആ ശുപത്രി മോർച്ചറി ബിൽഡിംഗ്, കാറ്റഗറി രണ്ടിൽ ഉൾപ്പെട്ട വാട്ടർ അഥോറിട്ടിയുടെ ക്വാർട്ടേഴ്സ് കെട്ടിടങ്ങൾ എന്നിവ അതീവ അപകടാവസ്ഥയിലാണെ ന്നാണു റിപ്പോർട്ട്.
മോർച്ചറി ബിൽഡിംഗിൽ വിള്ളലുകൾ കണ്ടെത്തിയതോടെ പൊതുമരാമത്ത് കെട്ടിടവിഭാഗത്തോടു പുനഃപരിശോധനയ്ക്കു റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ക്വാർട്ടേഴ്സ് നന്പർ ഒന്ന് അറ്റകുറ്റപ്പണി നടത്തി ഉപയോഗ്യയോഗ്യമാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു.
ക്വാർട്ടേഴസ് രണ്ട്, മൂന്ന്, നാല് എന്നിവ പൊളിച്ചു പുതിയ കെട്ടിടം നിർമിക്കാനുള്ള എസ്റ്റിമേറ്റ് ഘട്ടത്തിലാണ്. ആകെ അഞ്ചു കെട്ടിടങ്ങൾ പൊളിക്കൽ ഘട്ടത്തിലാണ്. ആറെണ്ണത്തിൽ കേസ് നിലനിൽക്കുന്നു. കാറ്റഗറി മൂന്നിലുള്ള 128 കെട്ടിടങ്ങളിൽ ചിലർ അറ്റകുറ്റപ്പണിക്കു സാവകാശം തേടിയിട്ടുണ്ടെന്നും മറ്റുള്ളവർ സർക്കാർ എൻജിനിയറിംഗ് കോളജിന്റെയും, സ്വകാര്യ സ്ട്രക്ചറൽ എൻജിനിയർമാരുടെയും സ്റ്റെബിലിറ്റി സർട്ടിഫിക്കറ്റുകൾ ഹാ ജരാക്കിയെന്നും ഇവ അസിസ്റ്റന്റ് എൻജിനിയർമാർക്ക് തുടർ പരിശോധനയ്ക്കു കൈമാറിയെന്നും റിപ്പോർട്ടിൽ പറയുന്നു.
പരിശോധിക്കേണ്ടത് സാങ്കേതികത്തികവുള്ള സ്ഥാപനങ്ങൾ
തൃശൂർ: കോർപറേഷൻ പരിധിയിലെ പഴയ കെട്ടിടങ്ങളുടെ പരിശോധന സാങ്കേതികത്തികവുള്ള സ്ഥാപനങ്ങളെ ഏൽപ്പിക്കണമെന്ന് ആവശ്യം. തൃശൂർ എൻജിനിയറിംഗ് കോളജും മറ്റു സ്വകാര്യ ഏജൻസികളും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയ കെട്ടിടങ്ങളാണു കഴിഞ്ഞവർഷങ്ങളിൽ തകർന്നവയിൽ ഏറെയും. ചെലവേറുമെങ്കിലും കൊച്ചി കോർപറേഷനടക്കം ഐഐടി മദ്രാസ് പോലുള്ള സ്ഥാപനങ്ങളെയാണു പരിശോധനകൾക്കു ചുമതലപ്പെടുത്തുന്നത്. ഇതേ മാതൃക തൃശൂരിലും പിന്തുടരണമെന്നാണ് ആവശ്യം. കൊച്ചയിൽ ഉള്ളതിനേക്കാൾ പഴക്കമുള്ള കെട്ടിടങ്ങൾ തൃശൂരിലുണ്ട്. മഴക്കാലത്ത് അപകടസാധ്യത വർധിക്കുന്നതു മുന്പിൽ കാണണമെന്നും ദുരന്തനിവാരണ ചെയർമാൻ കൂടിയായ കളക്ടർ, അഗ്നിസുരക്ഷാ വിഭാഗം, കോർപറേഷൻ എന്നിവർക്കെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്നും പരാതിക്കാരൻ പറഞ്ഞു.
Tags : demolished NattuVishesham DistrictNews