നാട്ടികയിലെ ടോൾ പിരിവിനെതിരേ എൽഡിഎഫ് നടത്തുന്ന രാപ്പകൽ സമരം
തൃപ്രയാർ: ദേശീയപാത 66 ലെ നിർമാണങ്ങൾ പൂർത്തീകരിക്കാതെയുള്ള നാട്ടിക ടോൾ പിരിവ് അവസാനിപ്പിക്കുക, തദ്ദേശവാസികൾക്കു ടോൾ സൗജന്യമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിൽ നാട്ടിക ടോൾ പ്ലാസയ്ക്ക് മുൻപിൽ രാപ്പകൽ സമരം ആരംഭിച്ചു.
ഇന്നലെ വൈകീട്ട് ആറുമുതലാണ് രാപ്പകൽ സമരം ആരംഭിച്ചത്. സിപിഎം സംസ്ഥാന കമ്മിറ്റയംഗം എം.എം. വർഗീസ് ഉദ്ഘാടനം ചെയ്തു. സി പി ഐ ജില്ലാ എക്സി ക്യൂട്ടീവ് അംഗം കെ.പി. സന്ദീപ് അധ്യക്ഷനായി.
സിപിഎം നാട്ടിക ഏരിയ സെക്രട്ടറി എം.എ. ഹാരിസ് ബാബു, ചേർപ്പ് ഏരിയ സെക്രട്ടറി എ.എസ്. ദിനകരൻ, കെ.എം. കിഷോർ കുമാർ, പി.ആർ. വർഗീസ്, അഡ്വ. വി.കെ. ജ്യോതിപ്രകാശ്, കെ.എ. വിശ്വംഭരൻ, കെ. ആർ. സീത, ടി.എസ്. മധുസൂദനൻ, എം.സ്വർണലത തുടങ്ങിയവർ സംസാരിച്ചു.
സ്ത്രീകൾ ഉൾപ്പടെ നൂറുകണക്കിനുപേരാണ് രാപ്പകൽ സമരത്തിൽ പങ്കെടുക്കുന്നത്. ഇക്കഴിഞ്ഞ എട്ടു മുതൽ നാട്ടികയിൽ ടോൾ പിരിവ് നടത്താൻ എൻഎച്ച്ഐഎ അധികാരികൾ തീരുമാനിക്കുകയായിരുന്നു.
പ്രതിഷേധത്തെ തുടർന്ന് ടോൾ പിരിവ് താത്കാലികമായി നിർത്തിവയ്ക്കുകയും എന്നാൽ ശനിയാഴ്ച രാവിലെ മുതൽ ടോൾ പിരിവ് വീണ്ടും ആരംഭിക്കുകയുമായിരുന്നു.തുടർച്ചയായ ആറുദിവസത്തെ സമരത്തിനു ശേഷമാണ് ഇന്നലെ മുതൽ രാപ്പകൽ സമരവുമായി എൽഡിഎഫ് രംഗത്തുവന്നത്.
Tags : Nattika Toll NattuVishesham DistrictNews