ബസ് കോൺക്രീറ്റ് ബാരിക്കേഡുകൾക്കിടയിൽ കുരുങ്ങിയ നിലയിൽ.
ഹരിപ്പാട്: താത്കാലിക പ്രവേശനവഴിയിലെ അനാസ്ഥ യുവാവിന്റെ ജീവനെടുത്തിട്ടും പാഠം പഠിക്കാതെ കെഎസ്ആർടിസി. ബിജെപി പ്രവർത്തകർ എടിഒയെ ഉപരോധിച്ചതിനെത്തുടർന്ന് പൊലിസിന്റെ സാന്നിധ്യത്തിൽ സുരക്ഷാ ജീവനക്കാരെയും നിയോഗിക്കാമെന്ന് ഉറപ്പുനൽകിയെങ്കിലും നടപടിയുണ്ടായില്ല.
തെറ്റായ വഴിയിലൂടെയുള്ള സർവീസ് തടയാനോ ഗതാഗതം നിയന്ത്രിക്കാനോ സംവിധാനങ്ങളില്ലാത്തതോടെ ഇന്നലെയും ഒട്ടേറെ ബസുകളാണ് ഇതുവഴി നിയമം ലംഘിച്ച് സർവീസ് നടത്തിയത്. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് വടക്കുനിന്നു വരുന്ന ബസുകൾക്ക് സ്റ്റാൻഡിലേക്ക് കയറാൻ മാത്രമായി തുറന്നുകൊടുത്ത ഇടുങ്ങിയ വഴിയാണിത്.
എന്നാൽ ഇതേ വഴിയിലൂടെ ബസുകൾ റോഡിലേക്ക് ഇറങ്ങുന്നതും അല്പം മുന്നോട്ടുനീങ്ങി റെയിൽവേ ജംഗ്ഷനിലേക്ക് തിരിയുന്നതുമായ രണ്ടിടങ്ങളിലാണ് കടുത്ത അപകടക്കെണിയൊരുങ്ങുന്നത്. ഇതിൽ താത്കാലിക വഴിയിലൂടെ പ്രധാന റോഡിലേക്ക് ബസ് ഇറങ്ങിയ ഭാഗത്തുവെച്ചാണ് കഴിഞ്ഞ ഞായറാഴ്ച ബൈക്ക് യാത്രികനായ യുവാവ് ബസുമായി കൂട്ടിയിടിച്ച് ദാരുണമായി മരിച്ചത്. ഇവിടെനിന്ന് അല്പം മുന്നോട്ടുനീങ്ങി റെയിൽവേ ജംഗ്ഷൻ ഭാഗത്തേക്ക് തിരിയുന്ന ഇടുങ്ങിയ വളവിലാണ് അടുത്ത അപകടക്കെണി.
ഇന്നലെ ഇത്തരത്തിൽ തിരിഞ്ഞ വേണാട് ബസ് ഇവിടെ സ്ഥാപിച്ചിരുന്ന പ്രവേശന മുന്നറിയിപ്പ് ബോർഡ് തട്ടിമറിച്ചിട്ടു. തുടർന്ന് കോൺക്രീറ്റ് ബാരിക്കേഡുകൾക്കിടയിൽ വാഹനം ഞെരുങ്ങിയതോടെ ബസ് പിന്നോട്ടെടുത്ത ശേഷം ഡ്രൈവർ തന്നെയാണ് തകർന്നുവീണ ബോർഡ് റോഡരികിലേക്ക് മാറ്റിനിർത്തിയത്.
കാഴ്ച പൂർണമായി മറഞ്ഞിരിക്കുന്ന ഈ രണ്ടിടങ്ങളിലൂടെയും ബസുകൾ അപ്രതീക്ഷിതമായി കയറിവരുന്നത് എതിരെ വരുന്ന വാഹനങ്ങൾക്ക് ബ്രേക്ക് ചെയ്യാൻ പോലും സമയം നൽകാതെ വലിയ അപകടങ്ങൾക്ക് വഴിവയ്ക്കുന്നു. നിയമലംഘനം തടയാൻ അധികൃതർ ഇനിയും തയാറായില്ലെങ്കിൽ വലിയ ജനകീയ പ്രക്ഷോഭത്തിന് ഹരിപ്പാട് സാക്ഷ്യം വഹിക്കേണ്ടിവരും.
Tags : warning board NattuVishesham DistrictNews