ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പ്രസംഗിക്കുന്നു.
മാന്നാർ: പ്രാർഥനയാൽ സർവവും സാധ്യമാണന്നും ദൈവിക കൃപയും പരിശുദ്ധ പരുമല തിരുമേനിയുടെ മധ്യസ്ഥതയുമാണ് സഭാനേതൃപദവിയിൽ വഴിനടത്തുന്നതെന്നും മലങ്കരസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പറഞ്ഞു.
മലങ്കര മെത്രാപ്പോലീത്താ സ്ഥാനാരോഹണത്തിന്റെ അഞ്ചാം വാർഷികദിനത്തിൽ പരുമലയിൽ സംഘടിപ്പിച്ച അനുമോദന സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു ബാവാ. വിശുദ്ധ കുർബാനയിൽ നിരവധി പേർ തനിക്കായി പ്രാർഥിക്കുന്നു. എല്ലാ പ്രതിസന്ധികളിലും ആ പ്രാർഥനയാണ് ബലം.
സഹോദര മെത്രാപ്പോലീത്താമാരിൽ നിന്നും സഭാ സ്ഥാനികളിൽ നിന്നും സമിതികളിൽ നിന്നും വിശ്വാസികളിൽ നിന്നും കിട്ടുന്ന പിന്തുണയാണ് കഴിഞ്ഞ അഞ്ച് വർഷക്കാലത്തെ ഊർജമെന്നും പരിശുദ്ധ കാതോലിക്കാ ബാവാ കൂട്ടിച്ചേർത്തു. 2021 ഒക്ടോബർ 14ന് പരുമലയിൽ ചേർന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനാണ് അദേഹത്തെ സഭാധ്യക്ഷപദവിയിലേക്ക് തിരഞ്ഞെടുത്തത്. സ്ഥാനാരോഹണ വാർഷിക ദിനത്തിൽ പരിശുദ്ധ കാതോലിക്കാ ബാവാ പരുമല സെമിനാരിയിൽ വിശുദ്ധ കുർബാനയർപ്പിച്ചു.
എപ്പിസ്ക്കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, അങ്കമാലി ഭദ്രാസനാധിപൻ യൂഹാനോൻ മാർ പോളിക്കാർപ്പോസ്, വൈദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വർഗീസ് അമയിൽ, അൽമായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം, അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ, പരുമല സെമിനാരി മാനേജർ യാക്കോബ് തോമസ് റമ്പാൻ, പരുമല ആശുപത്രി സിഇഒ ഫാ. എം.സി പൗലോസ്, നിരണം ഭദ്രാസന സെക്രട്ടറി ഫാ.അലക്സാണ്ടർ ഏബ്രഹാം, സഭാ വർക്കിംഗ് കമ്മിറ്റി അംഗം ജേക്കബ് മാത്യു ദുബായ്, സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ പരുമല കൗൺസിൽ അംഗങ്ങൾ, വൈദികർ ,വിശ്വാസികൾ തുടങ്ങിയവർ ആശംസകൾ നേർന്നു.
പരുമല സെമിനാരിയിലെ നവീകരിച്ച എ.സി ഓഡിറ്റോറിയത്തിന്റെ കൂദാശ പരിശുദ്ധ കാതോലിക്കാ ബാവാ നിർവഹിച്ചു.
Tags : Prayer NattuVishesham DistrictNews