പ്രതീകാത്മക ചിത്രം
ചെങ്ങന്നൂർ: ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ 50 ലക്ഷം രൂപയുടെ അടിയന്തിര അറ്റകുറ്റപ്പണികളും വികസന പ്രവൃത്തികളും നടത്തുമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു.
തീർഥാടകരുടെ പ്രധാന ഇടത്താവളമായ ചെങ്ങന്നൂരിൽ എത്തുന്ന അയ്യപ്പഭക്തർക്ക് കൂടുതൽ സുരക്ഷിതവും സുഗമവുമായ യാത്രാസൗകര്യങ്ങൾ ഉറപ്പാക്കുകയാണ് ലക്ഷ്യം.
തീർഥാടന കാലത്തിന് മുന്നോടിയായി സ്റ്റേഷൻ കവാടത്തിലെ റോഡ് ടാറിംഗ്, സർക്കുലേറ്റിംഗ് ഏരിയയിലെ അറ്റകുറ്റപ്പണികൾ, സ്റ്റേഷൻ കെട്ടിടത്തിന്റെ പെയിന്റിംഗ്, ചോർച്ച പരിഹരിക്കൽ, ശൗചാലയങ്ങളുടെ അറ്റകുറ്റപ്പണികൾ എന്നിവ അടിയന്തരമായി പൂർത്തിയാക്കും. സ്റ്റേഷൻ പുനർവികസന പദ്ധതിയുമായി ബന്ധപ്പെട്ട ടെൻഡർ നടപടികളിലെ നിയമതടസങ്ങൾ ചൂണ്ടിക്കാട്ടി പ്രവൃത്തികൾ നീട്ടിക്കൊണ്ടുപോകരുതെന്ന് എംപി റെയിൽവേ അധികൃതരോട് ആവശ്യപ്പെട്ടു.
ഇതിനായി റെയിൽവേ ബോർഡ് ചെയർമാനുമായും തിരുവനന്തപുരം ഡിവിഷണൽ റെയിൽവേ മാനേജരുമായും അദ്ദേഹം കഴിഞ്ഞ ദിവസങ്ങളിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.
148 പ്രത്യേക ട്രെയിൻ സർവീസുകൾ
തീർഥാടന കാലത്തെ ഭക്തജനത്തിരക്ക് കണക്കിലെടുത്ത് റെയിൽവേ 148 പ്രത്യേക ട്രെയിൻ സർവീസുകൾ നടത്തും. വിവിധ സംസ്ഥാനങ്ങളിൽ നിന്നുമെത്തുന്ന ഭക്തരുടെ സുഗമമായ യാത്ര ഉറപ്പാക്കാൻ ആവശ്യമായ സർവീസ് ക്രമീകരണങ്ങൾ റെയിൽവേയുടെ ഭാഗത്തുനിന്നുണ്ടാകും.
അവലോകന യോഗം നാളെ:
തീർഥാടന മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി നാളെ വൈകുന്നേരം നാലിന് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ അവലോകന യോഗം ചേരും. റെയിൽവേ അധികൃതരും വിവിധ വകുപ്പുതല ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന യോഗത്തിൽ അടിസ്ഥാന സൗകര്യങ്ങൾ, പ്രത്യേക ട്രെയിനുകൾ, തിരക്ക് നിയന്ത്രണ സംവിധാനങ്ങൾ എന്നിവ വിലയിരുത്തുമെന്ന് എംപി വ്യക്തമാക്കി.
Tags : Sabarimala Pilgrimage NattuVishesham DistrictNews