പ്രതീകാത്മക ചിത്രം
പെരിന്തല്മണ്ണ: സ്പാകളുടെ മറവില് നടക്കുന്ന സാമ്പത്തിക ചൂഷണങ്ങളും നിയമവിരുദ്ധ പ്രവര്ത്തനങ്ങളും തടയുന്നതിന്റെ ഭാഗമായി പെരിന്തല്മണ്ണയില് പൊലിസ് നടപടി. അനധികൃതമായി പ്രവര്ത്തിച്ചിരുന്ന സ്പാ പൊലിസ് പൂട്ടിച്ചു. ജില്ലാ പൊലിസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നിര്ദേശപ്രകാരം പെരിന്തല്മണ്ണ ഡിവൈഎസ്പിപി എം. ഗോപകുമാറിന്റെ നേതൃത്വത്തിലായിരുന്നു നടപടി. സംസ്ഥാന വ്യാപകമായി സ്പാകളില് വ്യാപകമായി കുറ്റകൃത്യങ്ങളും അനധികൃത പ്രവര്ത്തനങ്ങളും നടക്കുന്നുവെന്ന പരാതികള് ശക്തമായ പശ്ചാത്തലത്തിലാണിത്.
ലൈസന്സില്ലാതെയും വേണ്ടത്ര സുരക്ഷാ മാനദണ്ഡങ്ങള് പാലിക്കാതെയുമാണ് പലയിടത്തും ഇത്തരം സ്ഥാപനങ്ങള് പ്രവര്ത്തിക്കുന്നതെന്ന് പൊലിസ് പറഞ്ഞു. വരുംദിവസങ്ങളിലും പെരിന്തല്മണ്ണയിലും പരിസര പ്രദേശങ്ങളിലും പരിശോധനകള് കൂടുതല് ശക്തമായി തുടരുമെന്നും നിയമവിരുദ്ധ പ്രവര്ത്തനങ്ങളില് ഏര്പ്പെടുന്ന സ്ഥാപനങ്ങള്ക്കെതിരേ കര്ശന നിയമനടപടികള് സ്വീകരിക്കുമെന്നും ഡിവൈഎസ്പി പറഞ്ഞു.