കോഴിക്കോട്: യുവാവിനെ ബന്ദിയാക്കിയതിനുശേഷം നഗ്ന ഫോട്ടോ പകർത്തി എട്ടുലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട സംഭവത്തിൽ കൂടുതല്‍ പ്രതികള്‍ക്കായി അന്വേഷണം ശക്തമാക്കി പോലീസ്. കേസില്‍ കൂടുതല്‍ പേര് പിടിയിലാകാനുണ്ടെന്നും കൂട്ടാളികളായ രണ്ടുപേര്‍ പിടിയിലായതോടെ ഇവര്‍ ഒളിവില്‍ പോയതായും പോലീസ് പറയുന്നു.
കണ്ണൂർ മട്ടന്നൂർ തില്ലങ്കേരി പാളിയപറമ്പ് ജിഷ്ണു ജയൻ (26), കോഴിക്കോട് പറമ്പിൽബസാർ കൊണോട്ട് കുറ്റിയിൽ ഹൗസിൽ കെ. അതുൽ (30) എന്നിവരാണ് കേസില്‍ ഇതുവരെ പിടിയിലായത്. സംഭവത്തിൽ പ്രതികള്‍ക്ക് സഹായം ചെയ്ത യുവതി ഉൾപ്പെടെയുള്ളവരെ പിടികൂടാനുണ്ട്. യുവതിയാണ് കേസിലെ മുഖ്യപ്രതി.
സുഹൃത്തിനെ കാണാൻ ബംഗളൂരുവിൽ പോയ മലാപ്പറമ്പ് സ്വദേശിയായ യുവാവിനെ ആറംഗ സംഘം ഫ്ലാറ്റിൽ നിന്ന് തട്ടിക്കൊണ്ടുപോയി കോഴിക്കോട്ട് എത്തിച്ച് ദിവസങ്ങളോളം തടവിൽ വച്ച് പീഡിപ്പിക്കുകയായിരുന്നു.
യുവതിയുടെ പേര് പറഞ്ഞാണ് കാറിൽ തട്ടിക്കൊണ്ടുപോയത്. കോഴിക്കോട് പയിമ്പ്ര ചാലിത്താഴത്തെ രഹസ്യ കേന്ദ്രത്തിൽ യുവാവിനെ എത്തിക്കുകയും ബലം പ്രയോഗിച്ച് ഫോണിൽ നഗ്ന ഫോട്ടോ എടുത്തശേഷം വീട്ടിൽ യുവാവിന്റെ അമ്മയ്ക്ക് അയച്ചുവെന്നുമാണ് പരാതിയിൽ പറയുന്നത്.
എട്ടുലക്ഷം രൂപയാണ് പ്രതികൾ മോചനദ്രവ്യമായി ആവശ്യപ്പെട്ടത്. രഹസ്യ കേന്ദ്രത്തിൽനിന്ന് ഈ മാസം നാലിന് രക്ഷപ്പെട്ട യുവാവ് പോലീസിന് മുന്നിൽ ഹാജരായി പരാതി നൽകുകയായിരുന്നു. കേസിൽ ഒന്നാം പ്രതിയായ 21 വയസുള്ള യുവതിയുമായി യുവാവിന് സൗഹൃദം ഉണ്ടായിരുന്നു. യുവതിയുടെ നിലവിലെ പങ്കാളി ഇത് അറിഞ്ഞതിനാലാണ് തട്ടിക്കൊണ്ടുപോകാൻ ഇടയാക്കിയതെന്നാണ് ആദ്യം യുവാവ് കരുതിയത്.
എന്നാൽ യുവതിയുടെ കൂടി ഗൂഢാലോചന പ്രകാരമാണ് സംഭവം നടന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമാകുകയായിരുന്നു. മെഡിക്കൽ കോളജ് അസി. കമ്മിഷണർ പി. പ്രമോദിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
Tags : nattu vishesham Incident of a young man hostage and nude photos