പ്രതീകാത്മക ചിത്രം
വടക്കഞ്ചേരി: കേരള വ്യാപാരി സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ നെന്മാറയിലെ കിംസ് അവൈറ്റീസ് ഹോസ്പിറ്റൽ, ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് എന്നീ സ്ഥാപനങ്ങളുമായി സഹകരിച്ച് വടക്കഞ്ചേരിയിലെ വ്യാപാരികൾക്കായി ആരോഗ്യ സംരക്ഷണ വായ്പാപദ്ധതികൾ നടപ്പിലാക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
പ്രമുഖ ഇൻഷ്വറൻസ് കമ്പനിയായ കെയർ ഇസാഫ് ബാങ്കുമായി സഹകരിച്ച് വ്യാപാരികൾക്കൊപ്പം അവരുടെ കുടുംബാംഗങ്ങൾക്കും ജീവനക്കാർക്കും ആരോഗ്യ പ്ലസ് ഇൻഷ്വറൻസാണ് നടപ്പിലാക്കുന്നത്. ഇതിനായി മിത്ര കാർഡുകൾ നൽകും.
കാൻസർ രോഗികൾക്ക് 20 ലക്ഷം രൂപവരെ നൽകുന്നതാണ് പദ്ധതി. ഇസാഫുമായുള്ള സഹകരണത്തോടെ വായ്പാപദ്ധതികളും നടപ്പിലാക്കും.
വ്യാപാരികളുടെ സാമൂഹികസുരക്ഷയും ആരോഗ്യ പരിരക്ഷയും സാമ്പത്തിക പുരോഗതിയും ശക്തിപ്പെടുത്തുന്നതിനാണ് സംസ്ഥാനത്തുതന്നെ ഇതാദ്യമായി ഈ നൂതന ആശയത്തിന് തുടക്കം കുറിക്കുന്നതെന്ന് വ്യാപാരി നേതാക്കൾ അറിയിച്ചു.
കേരള വ്യാപാരി സംരക്ഷണ സമിതി പ്രസിഡന്റ് സി.കെ. അച്യുതൻ, ചെയർമാൻ ബോബൻ ജോർജ്, മറ്റു ഭാരവാഹികളായ പി.ജി. ഗോപിനാഥൻ, സതീഷ് ചാക്കോ, എ. അബ്ദുൾ നാസർ, ജോഷി ജോസഫ്, ഒ. ഷാജി, ഇസാഫ് ബാങ്ക് അസിസ്റ്റന്റ് മാനേജർ ശിവദാസൻ ബാലൻ, അഖില മോഹൻ എന്നിവർ പത്രസമ്മേളത്തിൽ പങ്കെടുത്തു.