അമ്പലപ്പുഴ: ഇന്ത്യൻ ഓയിൽ കോർപറേഷൻ (ഐഒസി) ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റും ഓപ്പറേഷൻ തിയറ്റർ ഉപകരണങ്ങളും നൽകും.
സംസ്ഥാന സർക്കാരിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും സഹകരണത്തോടെ ഏഴു ഡയാലിസിസ് യൂണിറ്റുകളും ഗൈനക് വിഭാഗത്തിൽ ഓപ്പറേഷൻ തിയറ്റർ ഉപകരണങ്ങളുമാണ് ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ സിഎസ്ആർ ഫണ്ടിൽനിന്ന് ആശുപത്രിക്ക് നൽകുന്നത്.
ഇതുസംബന്ധിച്ച ധാരണാപത്രം ഐഒസി ഡെപ്യൂട്ടി ജനറൽ മാനേജർ ജസീൽ പി. ഇസ്മയിലിൽനിന്ന് എച്ച്. സലാം എംഎൽഎയും കളക്ടർ അലക്സ് വർഗീസും ചേർന്ന് ഏറ്റുവാങ്ങി.
ഐഒസിക്കു പുറമേ ഫെഡറൽ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, ജോയ് ആലൂക്കാസ്, രവി കരുണാകരൻ സ്മാരകം, ആക്സസ് ബാങ്ക്, എൽഐസി, കെഎം എംഎൽ, കെസിസി എന്നീ സ്ഥാപനങ്ങളുടെ സിഎസ്ആർ ഫണ്ടിൽനിന്ന് ജില്ലയിലെ വിവിധ ആശുപത്രികളിലേക്ക് ഡയാലിസിസ് യൂണിറ്റുകൾ, ഓപ്പറേഷൻ തിയറ്ററുകൾ, ഉൾപ്പെടെയുള്ള ജീവൻ രക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നതിനുള്ള പ്രവർത്തനങ്ങളും ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.
കളക്ടറുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ പി.പി. ചിത്തരഞ്ജൻ എംഎൽഎ, ഐഒസി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
Tags : nattu vishesham IOC provide dialysis